പാലാരിവട്ടം അഴിമതി: അന്വേഷണ സംഘത്തെ വിപുലീകരിച്ചു, ജാമ്യഹർജിയുമായി ടി ഒ സൂരജ് വീണ്ടും ഹൈക്കോടതിയിൽ

By Web TeamFirst Published Oct 14, 2019, 6:53 PM IST
Highlights

നിലവിൽ അന്വേഷണം നടത്തുന്ന ഉദ്യോ​ഗസ്ഥർക്ക് പുറമേയാണ് ഇവരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം ത്വരിത​ഗതിയിൽ നടന്നുവരികയാണെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് ഐപിഎസ് അറിയിച്ചു.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചു. അന്വേഷണം ശക്തിപ്പെടുത്തുന്നതിനും വേ​ഗത്തിലാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ ഉദ്യോ​ഗസ്ഥരെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. 

നിലവിൽ കിഴക്കൻ മേഖല എസ്പി വി ജി വിനോദ്കുമാർ മേൽനോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തിൽ വിജിലന്‍സിന്‍റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാർ, വിജിലൻസ് കിഴക്കൻ മേഖല ഓഫീസിലെ  ഡിവൈഎസ്പി എം കെ മനോജ്, കോട്ടയം വിജിലൻസ് യൂണിറ്റ് ഓഫീസിലെ ഇൻസ്പെക്ടർമാരായ റിജോ പി ജോസഫ്, രാജൻ കെ അരമന എന്നിവരാണ് പുതിയ അം​ഗങ്ങൾ. നിലവിൽ അന്വേഷണം നടത്തുന്ന ഉദ്യോ​ഗസ്ഥർക്ക് പുറമേയാണ് ഇവരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം ത്വരിത​ഗതിയിൽ നടന്നുവരികയാണെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് ഐപിഎസ് അറിയിച്ചു.

അതേസമയം, കേസിലെ പ്രതിയായ  പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് വീണ്ടും ജാമ്യഹർജി നൽകി. ഹൈക്കോടതിയിലാണ് സൂരജ് ഹർജി സമർപ്പിച്ചത്. മേൽപ്പാലം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പൊളിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യഹർജി നൽകിയിരിക്കുന്നത്. നേരത്തെ ടി ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ, ആര്‍ബിഡിസി മുന്‍ എജിഎം എം ടി തങ്കച്ചൻ എന്നിവരുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

Read Also: പാലാരിവട്ടം പാലം തൽക്കാലം പൊളിക്കരുത്, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം

അതിനിടെ, പാലം അഴിമതി കേസിലെ അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി അശോക് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി. ആദ്യഘട്ട അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ നടപടി. വിജിലന്‍സിന്‍റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാറാണ് പുതിയ അന്വേഷണ സംഘത്തലവന്‍. അന്വേഷണ വിവരങ്ങള്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് എഎസ്ഐ ഇസ്മായിലിനെ വിജിലന്‍സില്‍ നിന്ന് തന്നെ നീക്കിട്ടുണ്ട്. അശോക് കുമാറിനും ഇസ്മായിലിനും എതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. 

Read More: പാലാരിവട്ടം അഴിമതിക്കേസ് അട്ടിമറിച്ചു? ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ സംഘത്തലവനെ നീക്കി

പാലാരിവട്ടം പാലം കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോളിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്. മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഈ മാസം 17 വരെ നീട്ടിയിട്ടുണ്ട്. 
 

click me!