പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ക്വാറന്റീൻ ഒരുക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്ന് യുഡിഎഫ് എംപിമാർ

By Web TeamFirst Published May 12, 2020, 4:51 PM IST
Highlights

പ്രവാസികളുടെയും ഇതര സംസ്ഥാനത്തുള്ളവരെയും കൊണ്ടുവരുന്നതിലും ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിലും ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് യുഡിഎഫ് എംപിമാർ. തോമസ് ചാഴികാടൻ, എൻകെ പ്രേമചന്ദ്രൻ, ബെന്നി ബഹന്നാൻ, കെ മുരളീധരൻ, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ് എന്നിവരാണ് സംയുക്ത വാർത്താസമ്മേളനം നടത്തിയത്.

പ്രവാസികളുടെയും ഇതര സംസ്ഥാനത്തുള്ളവരെയും കൊണ്ടുവരുന്നതിലും ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. കേരളീയരെ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ, പ്രതിപക്ഷത്തിനെതിരെ ദുഷ് പ്രചാരണം നടത്തുകയാണ്. നാട്ടിലേക്ക് കൊണ്ടുവരുന്നവരെ പരിശോധിക്കാൻ മെഡിക്കൽ ടീമിനെ അയക്കണം. 

വിദേശത്ത് നിന്ന് മുൻഗണന തെറ്റിച്ച് ചില അധികാരത്തിലിരിക്കുന്നവരെയാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. ക്വാറന്റീൻ സ്ഥാപനങ്ങളുടെ സ്ഥിതി ശോചനീയമാണ്. നാല് ലക്ഷം പേരെ നിരീക്ഷിക്കാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. യുദ്ധകപ്പലിൽ പോലും ടിക്കറ്റ് എടുക്കണ്ട അവസ്ഥയാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഏകോപനമില്ലാത്തത് കൊണ്ടാണിത്.

സംസ്ഥാനത്തെ എംപിമാരെ സർക്കാർ വിശ്വാസത്തിലെടുക്കുന്നില്ല. എംപിമാരോട് ഇതുവരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കൊവിഡ് പ്രവർത്തനങ്ങളിൽ പോലും രാഷ്ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിലേക്ക് പ്രവാസികളെ തിരിച്ചെത്തിക്കാൻ മുഖ്യമന്ത്രിക്ക് താത്പര്യമില്ല. കൊവിഡ് പ്രവർത്തനങ്ങളിൽ കേരളം മുൻപന്തിയിലാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദേശത്ത് നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ പ്രത്യേക വിമാനങ്ങൾ അനുവദിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടും. 

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്ത മലയാളികൾക്ക് പാസ് കൊടുക്കേണ്ടെന്ന് പല കളക്ടർമാർക്കും സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയെന്ന് കെ മുരളീധരൻ ആരോപിച്ചു. നോർക്ക വെള്ളാനയായി മാറി. പ്രവാസികൾ രജിസ്റ്റർ ചെയ്തുവെങ്കിലും ഒരു കാര്യവുമില്ല. 

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ദില്ലിയിൽ നിയമിച്ച പ്രത്യേക പ്രതിനിധിയെ കൊവിഡ് കാലത്ത് കാണാനില്ല. കേരള ഹൗസിൽ ദില്ലിയിലെ മലയാളി നഴ്സുമാർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്ന കേരളീയർക്ക് തിരിച്ചുവരാൻ അവകാശമുണ്ട്. അതുപറയുമ്പോൾ സൈബർ ഗുണ്ടകളെ വച്ച് ആക്രമിക്കുകയാണ്.

എല്ലാ ദിവസവും അഞ്ച് മണിക്ക് നടക്കുന്നത് റിയാലിറ്റി ഷോയാണ്. ഇതവസാനിപ്പിച്ച് ചെയ്യാനുള്ള കാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യണം. അദ്ദേഹം പറയുന്ന കാര്യങ്ങൾ ചീഫ് സെക്രട്ടറി ഉത്തരവിറക്കാത്ത സ്ഥിതിയാണ്. കുടിയന്മാരുടെ കാര്യത്തിലാണ് മുഖ്യമന്ത്രിക്ക് താത്പര്യം. എംപിമാർ പിണറായിക്ക് രണ്ടാം തരം പൗരന്മാരാണ്. ജയിച്ചവരോട് വൈരാഗ്യം കാണിക്കുകയാണ് എന്നും കെ മുരളീധരൻ ആരോപിച്ചു.

click me!