
തിരുവനന്തപുരം: ''കഴിഞ്ഞ രണ്ടര വര്‍ഷമായിട്ട് ദില്ലിയിലുളള ഒരു വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റാണ്. സർക്കാർ പരസ്യങ്ങളിൽ മുമ്പും ശബ്ദം കൊടുത്തിട്ടുണ്ട്. ടിവി പരസ്യങ്ങൾക്കൊക്കെ. എന്നത്തെയും പോലെ ഒരു വർക്ക് വന്നതാണ്. കൊറോണയെക്കുറിച്ചുള്ള അറിയിപ്പാണെന്ന് അറിഞ്ഞു, മിനിസ്ട്രിയുടെ ഒരറിയിപ്പായിട്ടാണ് ഞാനത് ട്രാൻസലേറ്റ് ചെയ്ത് പറഞ്ഞിട്ട് പോന്നത്. പക്ഷേ ഫോണിന് മുമ്പ് വരുമെന്ന് എനിക്കറിയത്തില്ലായിരുന്നു.'' കോളർ ട്യൂണിലെ കൊവിഡ് മുൻകരുതൽ ശബ്ദത്തിനുടമ ടിന്റുമോൾ ജോസഫ് പറയുന്നു. ടിവിയിലെയോ റേഡിയോയിലെയോ പരസ്യമായിരിക്കുമെന്നാണ് കരുതിയതെന്നും ടിന്റുമോൾ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ പറഞ്ഞു.
കോട്ടയം ജില്ലയിലെ പാലായിലാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിലെ കുടുംബം കർണാടകയിലെ സുള്ളിയിലേക്ക് ചേക്കേറി. ജെഎൻയു പഠനകാലത്താണ് പരസ്യങ്ങൾക്ക് ശബ്ദം നൽകി തുടങ്ങിയത്. ''എനിക്ക് പരിചയമുള്ള, എന്റെ നാട്ടുകാരൻ കൂടിയായ പ്രൊഫസർ പുരുഷോത്തം ബിലിമാലിയാണ് എനിക്ക് വോയ്സ് ഓവർ ആർട്ടിസ്റ്റായ ഒരു കൃഷ്ണഭട്ട് സാറിനെ പരിചയപ്പെടുത്തി തരുന്നത്. പഠനത്തിനും ചെലവിനുമൊക്കെയായിട്ട് അങ്ങനെയാണ് പ്രൊഫഷൻ തുടങ്ങിയത്.'' ടിന്റുമോൾ പറയുന്നു.
"
ആകാശവാണി അവതാരകനായിരുന്ന അന്തരിച്ച ഗോപനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണെന്ന് ടിന്റുമോൾ പറയുന്നു. ''അദ്ദേഹത്തെ കണ്ടുപഠിച്ചതാണ് കൂടുതലും. എത്ര അർപ്പണബോധത്തോടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത് എന്ന് കാണുമ്പോഴാണ് ഈ പ്രൊഫഷനോട് തന്നെ ഒരു ബഹുമാനം തോന്നിപ്പോകുന്നത്.'' ദൂരദർശൻ പരിപാടികളുടെ അവതാരകയായിരുന്ന ടിന്റുമോൾ ജോസഫ് നാടകരംഗത്തും സജീവമാണ്. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള 2017 ലെ പ്രവാസി നാടക അവാർഡും ടിന്റുമോൾക്ക് ലഭിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam