
പാലക്കാട്: പാലക്കാട് സി പി എമ്മിൽ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നതായി പാർട്ടി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ തുറന്നുസമ്മതിക്കൽ. വിപുലീകൃത കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് പാർട്ടിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് അവതരിപ്പിച്ചത്. പാർട്ടി നേതാക്കളിൽ ചിലർ റിയൽ എസ്റ്റേറ്റ് മാഫിയയായി മാറിയെന്ന ഗുരുതരമായ ആരോപണവും ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ പാർട്ടി നേതാക്കൾക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ, സംശയനിഴലിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ പരസ്യമായി പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നുണ്ട്. കോങ്ങാട്, തൃത്താല ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം നേതാക്കൾക്കിടയിലെ ഈ വിഭാഗീയതയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തിൽ വിമർശനം ഉന്നയിച്ചു. കൂടാതെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് വേണ്ടത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ തുറന്നടിച്ചു. പാർട്ടിയിലെ തെറ്റുതിരുത്തൽ നടപടികളും വിഭാഗീയത അവസാനിപ്പിക്കാനുള്ള നീക്കങ്ങളും പാലക്കാട് സി പി എമ്മിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam