സിപിഐ നേതാവിനെതിരെ വനിതാ പ്രവര്‍ത്തകയുടെ ലൈംഗീകാതിക്രമ പരാതി; പാർട്ടി കമ്മീഷൻ അന്വേഷണം തുടങ്ങി

By Web TeamFirst Published Oct 19, 2020, 7:30 AM IST
Highlights

സിപിഐ നെടുങ്കണ്ടം ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് സംസ്ഥാന കൗണ്‍സില്‍ അംഗമായ നേതാവ് കയറിപ്പിടിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. 

ഇടുക്കി: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരായി വനിതാ പ്രവർത്തക കൊടുത്ത ലൈംഗീകാതിക്രമ പരാതിയിൽ പാർട്ടി നിയോഗിച്ച കമ്മീഷൻ അന്വേഷണം തുടങ്ങി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയും മഹിളാ സംഘം നേതാവുമായ വീട്ടമ്മയാണ് പരാതിക്കാരി. ഈ മാസം 25നകം മൂന്നംഗ അന്വേഷണ കമ്മീഷൻ സംസ്ഥാന കൗണ്‍സിലിന് റിപ്പോർട്ട് നൽകും.

സിപിഐ നെടുങ്കണ്ടം ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് സംസ്ഥാന കൗണ്‍സില്‍ അംഗമായ നേതാവ് കയറിപ്പിടിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. മുമ്പ് ഫോണിലൂടെ ഇയാൾ ലൈംഗീക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നും സംസ്ഥാന കൗണ്‍സിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നൽകിയ പരാതിയിൽ വീട്ടമ്മ പറയുന്നു. ഫോണ് വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പടക്കം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. 

നേരത്തെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് വീട്ടമ്മ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. സംസ്ഥാന കൗണ്‍സില്‍ നിയോഗിച്ച കമ്മീഷൻ പരാതിക്കാരിയിൽ നിന്നും ആരോപണവിധേയനിൽ നിന്നും മൊഴിയെടുത്തു. നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളുടെയും മൊഴിയെടുക്കും. 25ന് മുമ്പ് അന്വേഷണറിപ്പോർട്ട് സംസ്ഥാന കൗണ്‍സിലിന് നൽകുമെന്നാണ് വിവരം. 

വർഷങ്ങൾക്ക് മുമ്പ് സമാന പരാതിയിൽ നടപടി നേരിട്ടയാളാണ് ആരോപണവിധേയനായ നേതാവ്. സംസ്ഥാന നേതൃത്വത്തിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ പൊലീസിന് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് വീട്ടമ്മ. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും പാർട്ടിക്ക് അകത്തെ തന്നെ ചിലരാണ് ആരോപണത്തിന് പിന്നിലെന്നും നേതാവ് പറയുന്നു. ഇക്കാര്യവും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!