
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗിക ആരോപണ കേസിൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബെംഗ്ലൂരൂവിലേക്ക്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്. യുവതി ചികില്‍സ തേടിയ ബെംഗളൂരുവിലെ ആശുപത്രിയിൽ എത്തും. ആശുപത്രി തിരിച്ചറിഞ്ഞെന്നു ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, ഓണാവധിക്ക് ശേഷമാണ് അന്വേഷണസംഘം ബെംഗ്ലൂരുവിലേക്ക് പോകുക. ആശുപത്രി രേഖകള്‍ പരിശോധിച്ച് യുവതി ചികില്‍സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്‍റിന് നോട്ടീസ് നല്‍കി രേഖകള്‍ കസ്റ്റഡിയിലെടുക്കും.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് പേരും മൂന്നാം കക്ഷികളാണ്. രാഹുലിനെതിരെ ബിഎന്‍എസ് 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
സ്ത്രീകളെ പിന്തുടർച്ച് ശല്യം ചെയ്തെന്ന കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. പരാതിക്കാരിൽ ഒരാളായ അഡ്വ ഷിൻോയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കുകയും ചെയ്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകളോ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഫേയ്സ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam