
പാലക്കാട്: പാലക്കാട് പുതുനഗരം സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് സി കൃഷ്ണകുമാർ. സ്ഫോടനം നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിലാണെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. എസ്ഡിപിഐ വിജയിച്ച വാർഡിനോട് ചേർന്നാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന വീട്ടിലെ മൂന്നുപേരും സജീവ എസ്ഡിപിഐ പ്രവർത്തകരാണ്. നേരത്തെയും പ്രദേശത്ത് സ്ഫോടനം നടന്ന് പശുവിന് പരിക്കേറ്റിരുന്നു. അന്നുതന്നെ തങ്ങൾ വിശദമായ അന്വേഷണം നടത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
ജില്ലയെ കലാപഭൂമി ആക്കാനുള്ള എസ്ഡിപിഐ ശ്രമമാണോ എന്ന് സംശയിക്കുന്നുണ്ട്. മൂത്താൻതറ സ്കൂളിന് മുന്നിൽ സ്ഫോടനം നടന്നപ്പോൾ തന്നെ ബിജെപി സംശയം ഉന്നയിച്ചതാണ്. മൂന്നു സ്ഫോടനങ്ങൾക്ക് പിന്നിലും എസ്ഡിപിഐ ആണ്. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്കും കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും മിണ്ടാട്ടമില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തണം. ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും സി കൃഷ്ണകുമാർ പ്രതികരിച്ചു.
ഇന്നലെയാണ് പാലക്കാട് പുതുനഗരത്തെ വീട്ടിൽ പൊട്ടിത്തെറിയുണ്ടായത്. എന്നാൽ പൊലീസ് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് പൊലീസ് കണ്ടെത്തിയത്. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മറ്റു സ്ഫോടക വസ്തുക്കൾ കണ്ടെത്തിനായില്ലെന്നും പരിക്കേറ്റ ഷരീഫ് പന്നിപ്പടക്കമുപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പുതുനഗരത്തെ വീട്ടിൽ ഗ്യാസ് സിലണ്ടറോ, വീട്ടുപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് നേരത്തെ തന്നെ പൊലീസ് വിശദീകരിച്ചിരുന്നു. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പൊട്ടിത്തെറിച്ച് തീ ആളിക്കത്തിയത്. സഹോദരങ്ങളായ ഷരീഫ്, ഷഹാന എന്നിവർക്കാണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബോംബ് സ്ക്വാഡും, ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഷരീഫിന്റെ പരിക്ക് ഗുരുതരമാണ്. പാലക്കാട് പുതുനഗരം മാങ്ങോട് വീട്ടിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടിൽ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു. പൊട്ടിത്തെറിയിൽ പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സംഭവത്തിൽ എസ്ഡിപിഐക്ക് എതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നിൽ എസ്ഡിപിഐ ആണെന്നുമാണ് ബിജെപി ആരോപിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ ഷരീഫും പൊട്ടിത്തെറി നടന്ന ബന്ധു വീട്ടിലുള്ളവരും എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു. എന്നാൽ ഷരീഫ് ഉൾപ്പെടെ 12 പേരെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതാണെന്നും മാങ്ങോട് ലക്ഷം വീട് നഗറിൽ നിലവിൽ എസ്ഡിപിഐ അംഗങ്ങൾ ഇല്ലെന്നും എസ്ഡിപിഐ നേതാക്കൾ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam