'ഷാൽ ഐ റിമൈൻഡ് യു സംതിങ്'; ഹൈബി ഈഡനെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട്, 'നരസിംഹം' ഡയലോഗുമായി എംഎല്‍എ

By Web TeamFirst Published Aug 15, 2022, 2:56 PM IST
Highlights

ഹൈബി ഈഡന്‍റെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് 'നരസിംഹം' സിനിമയിലെ പ്രസിദ്ധമായ ഡയലോഗുമായാണ് ടി ജെ വിനോദ് മറുപടി നല്‍കിയിട്ടുള്ളത്.

കൊച്ചി: ലൈംഗിക പീഡന കേസിൽ ഹൈബി ഈഡന്‍ എംപിക്കെതിരെ തെളിവില്ലെന്ന് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി എറണാകുളം എംഎല്‍എ ടി ജെ വിനോദ്. ഹൈബി ഈഡന്‍റെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് 'നരസിംഹം' സിനിമയിലെ പ്രസിദ്ധമായ ഡയലോഗുമായാണ് ടി ജെ വിനോദ് മറുപടി നല്‍കിയിട്ടുള്ളത്. സത്യം മൂടിവെച്ചാലും വളച്ചൊടിച്ചാലും അത് പുറത്ത് വരുമെന്ന് ടി ജെ വിനോദ് ഫേസ്ബുക്കില്‍ കുറിച്ചു. 

ടി ജെ വിനോദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഹൈബി ഈഡൻ എം.പിയുടെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് മറുപടി പറയാൻ നരസിംഹം എന്ന സിനിമയിലെ മമ്മൂക്കയുടെ വാക്കുകൾ കടമെടുക്കുകയാണ്... 
"ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്, സൂര്യൻ ആ കറുത്തമറ വിട്ട് പുറത്ത് വരും. 
അതുപോലെ തന്നെയാണ് സത്യവും... മൂടിവയ്ക്കാം... 
വളച്ചൊടിക്കാം... 
പക്ഷെ ഒരു നാൾ ഒരിടത്തത് സത്യം പുറത്തു വരും മിസ്റ്റർ സൂപ്പരിന്റന്റ്‌ ഓഫ് പോലീസ്... 
ഷാൽ ഐ റിമൈൻഡ് യു സംതിങ്, ഇറ്റ് ഈസ് ക്വയറ്റ്‌ അൺബിക്കമിംഗ്‌ ആൻ ഓഫീസർ"
- നന്ദഗോപാൽമാരാർ (നരസിംഹം)

ഹൈബിക്ക് ആശ്വാസം

ഹൈബി ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം ഇന്നലെയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. സോളാർ കേസ് പ്രതി നൽകിയ പരാതിയിലായിരുന്നു എംഎൽഎക്കെതിരെ കേസെടുത്തത്. എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന സർക്കാരാണ് കേസ് സിബിഐയെ ഏൽപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ  ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ബലാത്സംഗ കേസിൽ തെളിവ് കണ്ടെത്താനായില്ലെന്നും കേസിലെ പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് സിബിഐ വ്യക്തമാക്കുന്നത്.

പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു സോളാർ കേസ് പ്രതിയുടെ പരാതി.

കേരള പൊലീസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. സോളാർ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോൺഗ്രസ് വാദിച്ചത്. കേസ് സിബിഐക്ക് വിട്ടതിനെ കോൺഗ്രസ് നേതാക്കൾ എതിർക്കുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. നാലു വർഷത്തോളം കേരള പൊലിസ് അന്വേഷിച്ച കേസാണിത്. തെളിവ് ലഭിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ്  കേസ് സിബിഐക്ക് കൈമാറിയത്.

click me!