കുർബാന പരിഷ്കാരവും ഭൂമിയിടപാടും കത്തി നിൽക്കെ സിറോ മലബാർ സഭ സിനഡ് സമ്മേളനം നാളെ തുടങ്ങും

By Web TeamFirst Published Aug 15, 2022, 2:50 PM IST
Highlights

രണ്ടാഴ്ച നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ 61 ബിഷപ്പുമാർ പങ്കെടുക്കും. കാർഷികമേഖലയിലെ പ്രശ്നങ്ങളാണ് സിനഡിലെ പ്രധാന അജണ്ടകളിൽ ഒന്ന്

കൊച്ചി: കുർബാന പരിഷ്കരാത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം നാളെ കൊച്ചിയിൽ  തുടങ്ങും. ബഫർ സോൺ വിഷയത്തിൽ സഭ സ്വീകരിക്കണ്ട നിലപാടുകളും സിനഡിൽ ചർച്ചയാകും. ഭൂമി വിൽപ്പന വിവാദവും, കുബാന പരിഷ്കാരത്തെ ചൊല്ലിയുള്ള തർക്കങ്ങളും  കീറാമുട്ടിയായി തുടരുന്നതിനിടെയാണ് മുപ്പതാമത് സിനഡിന്‍റെ രണ്ടാം പാദ സമ്മേളനം നാളെ തുടങ്ങുന്നത്. കാക്കനാടുള്ള മൗണ്ട് സെന്റ് തോമസിലാണ് സമ്മേളനം നടക്കുന്നത്.

രണ്ടാഴ്ച നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ 61 ബിഷപ്പുമാർ പങ്കെടുക്കും. കാർഷികമേഖലയിലെ പ്രശ്നങ്ങളാണ് സിനഡിലെ പ്രധാന അജണ്ടകളിൽ ഒന്ന്. എറണാകുളം അങ്കമാലി അതിരൂപതയും സിനഡും സമ്മിൽ നിലനിൽക്കുന്ന ഭിന്നതകൾ അജണ്ടയിൽ ഇല്ലാത്ത വിഷയമാണ്. എങ്കിലും ഇതും ചർച്ച ചെയ്യും. സിനഡ് തീരുമാനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ബിഷപ് ആന്‍റണി കരിയിലിനെ വത്തിക്കാൻ നേരിട്ട് പുറത്താക്കിയിരുന്നു. സിനഡിന്‍റെ വാശിയാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് കത്തെഴുതി ബിഷപ്പ് ആന്റണി കരിയിലും സിനഡിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യം സിനഡ് ചർച്ച ചെയ്യും. 

 എന്നാൽ ജാനഭിമുഖ കുർബാനയിൽ തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ചൂണ്ടികാട്ടി സിനഡ് സമ്മേളനത്തിന് നൽകാൻ അതിരൂപത സംരക്ഷണ സമിതി നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നം പഠിക്കാൻ സമിതി വേണമെന്നും നിവേദനത്തിലുണ്ട്. ബഫർസോൺ വിഷയമാണ് മറ്റൊരു ചർച്ചവിഷയം. സംരക്ഷിത വനമേഖലകൾ നിശ്ചയിക്കുന്നതിൽ കർഷക താൽപ്പര്യത്തിന് വിരുദ്ധമായ നിലപാട് അംഗീകരിക്കാൻ ആകില്ലെന്നാണ് പൊതുവെ സഭ സ്വീകരിച്ച നിലപാട്. കെ സി ബി സി ഇക്കാര്യം പരസ്യമാക്കിയിരുന്നു. വിഷയത്തിൽ യോജിച്ചുള്ള പ്രക്ഷോഭ പരിപാടികൾ വേണ്ടതുണ്ടോയെന്നും  സിറോ മലബാർ സഭ സിനഡ് സമ്മേളനം ചർച്ച ചെയ്യും.

click me!