ഷൊർണ്ണൂരിൽ വനിതാ ഡോക്‌ടറെ യുവാവ് പട്ടാപ്പകൽ കടന്നുപിടിച്ചു; സ്ത്രീകളടക്കം നോക്കിനിന്നു

By Web TeamFirst Published Apr 6, 2019, 5:35 PM IST
Highlights

പ്രതിക്ക് രക്ഷപ്പെടാൻ സഹായകരമാകും വിധമാണ് ഹോട്ടലിലുണ്ടായിരുന്ന സ്ത്രീകൾ പോലും പെരുമാറിയത്

ഷൊർണ്ണൂർ: ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയ വനിതാ ഡോക്ടറെ കടന്നുപിടിച്ച പ്രതി രക്ഷപ്പെട്ടു. ഹോട്ടലിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർ പ്രതികരിക്കാതിരുന്നതാണ് പ്രതിക്ക് രക്ഷപ്പെടാൻ സഹായമായത്. ഡോക്ടറുടെ പരാതിയിൽ ഷൊർണ്ണൂർ പൊലീസ് കേസെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ കണ്ടെത്താനാണ് ശ്രമം.

കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഷൊർണ്ണൂർ സിഐ എൻഒ സിബി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. താൻ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനാണ് ഡോക്ടർ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം കൈകഴുകാനായി പോയപ്പോൾ കറുത്ത ഷർട്ടും ജീൻസ് പാന്റും ധരിച്ച 30 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ പുറകിൽ നിന്നും കടന്നുപിടിക്കുകയായിരുന്നു.

പ്രതിയുടെ പുറകെ തീൻമേശയിലേക്ക് പോയി വനിതാ ഡോക്ടർ പ്രതികരിച്ചെങ്കിലും ഹോട്ടൽ ഉടമകളോ, ജീവനക്കാരോ, ഭക്ഷണം കഴിക്കാനെത്തിയ ആരെങ്കിലുമോ പ്രതിക്കെതിരെ ഒന്നും മിണ്ടിയില്ല.

"മാഡം, കേസൊന്നും കൊടുക്കല്ലേ, ഞങ്ങളുടെ കടയ്ക്ക് പേരു ദോഷം വരും," എന്ന് ഹോട്ടൽ ജീവനക്കാരിയായ ഒരു സ്ത്രീ തന്നോട് പറഞ്ഞതായി വനിതാ ഡോക്ടർ വെളിപ്പെടുത്തി. 

ഇവർ നോക്കിനിൽക്കെ തന്നെ പ്രതിയും ഒപ്പമുണ്ടായിരുന്ന മധ്യവയസ്‌കനും ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി. പിന്നീട് ഡോക്ടർ ഷൊർണ്ണൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

താൻ ഷൊർണ്ണൂർ പൊലീസ് സ്റ്റേഷനിൽ വച്ച് പൊട്ടിക്കരഞ്ഞതായി ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ പരാതിയെ തുടർന്ന് പൊലീസ് സംഘം ഹോട്ടലിലെത്തി സിസിടിവി ദൃശ്യങ്ങൾ എടുത്തു. ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിയാനാണ് പൊലീസ് സംഘം ശ്രമിക്കുന്നതെന്ന് സിഐ എൻഒ സിബി പറഞ്ഞു.

 

click me!