
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോയ ബസിലാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. സഹയാത്രികൻ പലതവണ കടന്നുപിടിച്ചതോടെ യുവതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
കാട്ടാക്കടയിലേക്ക് പോകാൻ തിരുവനന്തപുരത്തു നിന്നാണ് പെൺകുട്ടിയും യുവാവും ബസിൽ കയറിയത്. പേയാട് ഭാഗത്ത് എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. ഇത് പകർത്തുന്നതിനിടെ പ്രതി അപ്രതീക്ഷിതമായി വസ്ത്രത്തിനുള്ളിൽ കൈകടത്തി അതിക്രമം നടത്തിയത്. ഈ സമയം പെൺകുട്ടി ഇയാളുടെ കൈ തട്ടിയെറിഞ്ഞു. ഇയാളുടെ മുഖത്ത് അടിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ മറ്റു യാത്രക്കാർ പ്രതികരിച്ചിരുന്നില്ല. ഒന്നുകിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്നും അല്ലെങ്കിൽ പ്രതിയെ ബസിൽ നിന്ന് ഇറക്കി വിടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. ഇതോടെ കണ്ടക്ടർ എത്തി പ്രതിയെ പേയാട് ഭാഗത്ത് ഇറക്കിവിട്ടു.
പെൺകുട്ടി പുറത്തുവിട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വൈറലാവുകയും ചെയ്തിരുന്നു. പിന്നീട് വീഡിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസിൽ സ്വയമേ കേസെടുക്കാൻ തീരുമാനിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഉചിതമായ നടപടി സ്വീകരിക്കാനും പൂജപ്പുര പൊലീസിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയത്. പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന സ്ഥലം വിളപ്പിൽ ശാല സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി. പ്രതിയെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam