കോഴിക്കോട് ലോ കോളേജിൽ എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം

By Web TeamFirst Published Mar 25, 2019, 8:12 PM IST
Highlights

യൂണിയൻ ഓഫീസിന് ചുവന്ന പെയിന്റ് അടിച്ചതിനെ ചൊല്ലി കഴിഞ്ഞ ദിവസം കെഎസ് യു , എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലും ക്യാംപസില്‍ സംഘര്‍ഷമുണ്ടായിരുന്നു. 

കോഴിക്കോട്: ലോ കോളേജിൽ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷം. കോളേജ് യൂണിയൻ ഓഫീസ് എസ്എഫ്ഐ ഏകപക്ഷീയമായി കയ്യടക്കി വച്ചിരിക്കുന്നതിനെ ചൊല്ലിയായിരുന്നു സംഘർഷം. ഓഫീസായി ഉപയോഗിക്കുന്ന മുറിക്ക് ചുവന്ന പെയിന്‍റ് അടിച്ചതിനെ തുടർന്ന് എസ്എഫ്ഐ - കെഎസ്‍യു പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു.

കെഎസ്‍യു പ്രതിനിധിയായി വിജയിച്ച വിദ്യാർത്ഥിനിയെ കോളേജ് യൂണിയൻ ഓഫീസിൽ കയറാൻ എസ്എഫ്ഐ അനുവദിച്ചില്ലെന്നാണ് പരാതി. തുടർന്ന് കെഎസ്‍യു എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ വിദ്യാർത്ഥിനിയെ കയ്യേറ്റം ചെയ്യാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിച്ചതോടെ എഐഎസ്എഫ് പ്രവർത്തകരും ഇടപെട്ടു. പിന്നാലെയുണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് പ്രവർത്തകൻ ഡെൽവിനും എസ്എഫ്ഐ പ്രവർത്തകൻ അനുരാഗിനും പരിക്കേറ്റു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോളേജ് യൂണിയൻ ഓഫീസിനായി നൽകിയ മുറിക്ക് എസ്എഫ്ഐ പ്രവർത്തകർ ചുവന്ന പെയിന്‍റ് അടിച്ചതിനെ ചൊല്ലി കഴിഞ്ഞ ദിവസവും കോളേജിൽ സംഘർഷമുണ്ടായി. ചുവന്ന പെയിന്‍റ് മാറ്റണമെന്ന നിർദ്ദേശം യൂണിയൻ ഭാരവാഹികൾക്ക് പ്രിൻസിപ്പൽ നൽകിയിരുന്നു. അനാവശ്യ വിവാദങ്ങൾ ഉയർത്തി കെഎസ്‍യു പ്രവർത്തകരാണ് സംഘർഷങ്ങൾ ഉണ്ടാക്കുന്നതെന്നാണ് എസ്എഫ്ഐ പറയുന്നത്. സംഘർഷത്തിലേർപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുമെന്ന് ചേവായൂര്‍ പൊലീസ് അറിയിച്ചു. 

click me!