പഠിച്ചും പോരാടിയും 50 വര്‍ഷങ്ങള്‍; കനല്‍വഴികളില്‍ തളരാതെ എസ്എഫ്ഐ

By Web TeamFirst Published Dec 29, 2020, 10:10 AM IST
Highlights

കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, എ.കെ.ബാലൻ, എം.എ.ബേബി, ജി.സുധാകരൻ തുടങ്ങിയ ഇന്നത്തെ ഒന്നാംനിര സിപിഎം നേതാക്കൾ രൂപപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്...

തിരുവനന്തപുരം: ഇടതുവിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐക്ക് അമ്പത് വയസ്. വിദ്യാഭ്യാസ രംഗത്തും കേരള രാഷ്ട്രീയത്തിലും നിർണ്ണായക ശക്തിയായി മാറിയാണ് സുവർണ ജൂബിലി വർഷത്തിലേക്ക് എസ്എഫ്ഐ കടക്കുന്നത്. അമ്പതാം വാർഷിക പരിപാടികൾ മറ്റന്നാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഒരണസമരവും, കേരളരാഷ്ട്രീയത്തിൽ യുവതുർക്കികളെ സൃഷ്ടിച്ചും ക്യാമ്പസുകളിൽ കെഎസ്‍യു വളരുമ്പോഴാണ് 1970 ഡിസംബർ മാസം തിരുവനന്തപുരത്ത് എസ്എഫ്ഐയുടെ പിറവി. സിപിഎം വിദ്യാർത്ഥി സംഘടനായ സ്റ്റുഡന്‍റസ് ഫെഡറേഷൻ എ.കെ.ഗോപാലന്‍റെ ആശിസുകളോടെ എസ്എഫ്ഐയായി. സി ഭാസ്കരനായിരുന്നു ആദ്യ അഖിലേന്ത്യാ പ്രസിഡന്‍റ് പശ്ചിമബംഗാളിൽ നിന്ന് ബിമൻ ബസു സെക്രട്ടറി. പുതിയ വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ കടന്ന് വരവ് ക്യാമ്പസുകളിലെ ജനാധിപത്യ വേദികളെ സജീവമാക്കി. അടിയന്തരാവസ്ഥ കാലത്തെ പ്രതിസന്ധിയായിരുന്നു എസ്എഫ്ഐ നേരിട്ട ആദ്യ വെല്ലുവിളി. കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, എ.കെ.ബാലൻ, എം.എ.ബേബി, ജി.സുധാകരൻ തുടങ്ങിയ ഇന്നത്തെ ഒന്നാംനിര സിപിഎം നേതാക്കൾ രൂപപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്.

കെഎസ്‍യുമായും കെഎസ്‍സിയുമായും ആശയപരമായും കായികമായും ഏറ്റുമുട്ടിയായിരുന്നു ആദ്യകാലങ്ങളിൽ എസ്എഫ്ഐയുടെ വളർച്ച. ദേവപാലൻ മുതൽ അഭിമന്യുവരെ നീളുന്ന രക്തസാക്ഷികൾ. പൊതുസമൂഹത്തിൽ എസ്എഫ്ഐയുടെ രാഷ്ട്രീയ ശൈലി ചോദ്യംചെയ്യപ്പെട്ടെങ്കിലും വിദ്യാർത്ഥികളുടെ വലിയ പിന്തുണ ക്യാമ്പസുകളിൽ എസ്എഫ്ഐയെ അനിഷേധ്യ സാന്നിദ്ധ്യമാക്കി. ഇന്ത്യൻ രാഷ്ട്രീയത്തിൽ എസ്എഫ്ഐയെ അടയാളപ്പെടുത്തുന്നതും ഏറ്റെടുത്ത സമരങ്ങളാണ്. അടിയന്തരാവസ്ഥ കാലം മുതൽ ജെഎൻയു പ്രക്ഷോഭം വരെ നീളുന്നു എസ്എഫ്ഐയുടെ സമരനാൾവഴികൾ.

കേരളത്തിൽ യുഡിഎഫ് സർക്കാരുകളുടെ കാലത്തെ പോരാട്ടങ്ങൾ ശ്രദ്ധിക്കപ്പെട്ടപ്പോഴും ഇടതുസർക്കാരുകൾ ഭരിക്കുമ്പോൾ സമരങ്ങൾക്ക് തീവ്രത കുറയുന്നതിലെ ആക്ഷേപങ്ങളും എസ്എഫ്ഐ നേരിട്ടു. അൻപതാം വയസിലേക്ക് എത്തുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം എസ്എഫ്ഐയാണ്. ഗവണ്‍മെന്‍റ് എയിഡഡ് സ്ഥാപനങ്ങളിലേക്ക് പുറത്ത് സ്വകാര്യ കോളേജുകളിലെക്ക് വേരുകൾ പടർത്താൻ കഴിയാത്തതാണ് വെല്ലുവിളി. അരാഷ്ട്രീയവും, വർഗീയവുമായുള്ള ഇടപെടലുകൾക്കെതിരെയാണ് സുവർണജൂബിലികാലത്ത് എസ്എഫ്ഐയുടെ പോരാട്ടം. 

click me!