
കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്ന വിദ്യാർത്ഥികള്‍ക്ക് വേണ്ടി വ്യത്യസ്തമായൊരു കലോത്സവം സംഘടിപ്പിച്ചിരിക്കുകയാണ് കുസാറ്റിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി. 'ക്വാറന്‍റീൻ' എന്ന കലോത്സവത്തില്‍, സ്വന്തം വീടുകളിലിരുന്നു തന്നെയാണ് വിദ്യാർത്ഥികള്‍ മത്സരിക്കുന്നത്. കലോത്സവത്തിന്‍റെ നടത്തിപ്പും ഫലപ്രഖ്യാപനവുമെല്ലാം പൂർണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെയാണ്.
രാജ്യം ലോക്ക്ഡൗണിലായെങ്കിലും, കലയ്ക്കും സർഗാത്മകതയ്ക്കും അവധി നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കുസാറ്റിലെ വിദ്യാർത്ഥികള്‍. അങ്ങനെയാണ് സ്മാർട്ട് ഫോണും ഇന്‍റർനെറ്റ് കണക്ഷനും ഉപയോഗിച്ച് ഒരു കലോത്സവം തന്നെ സംഘടിപ്പിക്കാൻ അവർ തീരുമാനിച്ചത്. കേരളത്തിലാദ്യമായാണ് പൂർണ്ണമായും ഓൺലൈനായി കലോത്സവം സംഘടിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെയും ഇ മെയിലിന്‍റെയും സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.
രചനാമത്സരങ്ങളും നൃത്തയിനങ്ങളും സംഗീതവുമുള്‍പ്പെടെ 42 ഇനങ്ങളിലാണ് മത്സരം. വാട്ട്സാപ്പിലൂടെ നല്‍കുന്ന നിർദ്ദേശങ്ങളനുസരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. പങ്കെടുക്കുന്നവർ തങ്ങളുടെ കലാപ്രകടനങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ ഫോണില്‍ റെക്കോർഡ് ചെയ്ത് അയച്ചാല്‍ മതി.
മൂല്യനിർണയത്തിനായി ഇവ ജഡ്ജസിന് ഫോണിലൂടെ തന്നെ കൈമാറും. കലോത്സവത്തിന്‍റെ സംഘാടകർ പോലും ഒരിടത്തും ഒരുമിച്ചു കൂടില്ല എന്ന പ്രത്യേകതയുമുണ്ട്. വിവിധ ജില്ലകളിലിരുന്ന് 23 പേരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. മൂന്ന് ദിവസമായി നടക്കുന്ന കലോത്സവം വെള്ളിയാഴ്ച സമാപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam