സർചാർജും പലിശയും ഈടാക്കില്ല; ആവറേജ് ബില്ലിംഗ് രീതിയുമായി കെഎസ്ഇബി

By Web TeamFirst Published Apr 2, 2020, 7:44 AM IST
Highlights

കഴിഞ്ഞ മൂന്ന് ബിൽ തുകയുടെ ആവറേജ് തുകയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക. ബില്ലുകളിൽ സർ ചാർജോ പലിശയോ ഈടാക്കില്ല.

കോഴിക്കോട്:  കൊവിഡ് ഇളവ് കഴിഞ്ഞുള്ളമാസം ആവറേജ് ബില്ലിംഗ് രീതിയുമായി കെഎസ്ഇബി. കഴിഞ്ഞ മൂന്ന് ബിൽ തുകയുടെ ആവറേജ് തുകയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക. ബില്ലുകളിൽ സർ ചാർജോ പലിശയോ ഈടാക്കില്ലെന്നും കെഎസ്ഇബി ചെയർമാൻ എൻ.എസ്.പിള്ള വ്യക്തമാക്കി. 

കൊവിഡിനെ തുടർന്നുള്ള ലോക്‍ഡൗൺ കാരണം കെഎസ്ഇബി അടുത്തമാസം നാല് വരെ മീറ്റർ റീഡിംഗ്, ബില്ലിംഗ് തുടങ്ങിയ നടപടികൾ എല്ലാം നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ അടുത്ത ബിൽ തുക നിശ്ചയിക്കാൻ ആവറേജ് ബില്ലിംഗ് രീതി സ്വീകരിക്കുകയാണ് കെഎസ്ഇബി. ഓരോ ഉപഭോക്താക്കളുടേയും തൊട്ടുമുന്പത്തെ മൂന്ന് ബിൽ തുകയുടെ ശരാശരിയാണ് അടുത്ത ബില്ലായി രേഖപ്പെടുത്തുക. 

മാസതോറും പണമടക്കുന്നവർക്കും ഇതേ രീതിയിൽ തന്നെ ബിൽ തുക കണക്കാക്കും. ആവറേജ് ബില്ലിൽ വരുന്ന വ്യത്യാസം ഇനിയുള്ള മീറ്റർ റീഡിംഗ് അനുസരിച്ച് പരിഹരിക്കും. ആവറേജ് ബില്ലിംഗ് രീതിയോട് ആരെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചാൽ അവരുടെ മീറ്റർ റീഡിംഗ് രേഖപ്പെടുത്തി ബിൽ നൽകാനുമാണ് കെഎസ്ഇബി തീരുമാനം.

ഇളവ് കഴിഞ്ഞുള്ള ബില്ലിൽ യാതൊരുവിധ അധിക തുകയും ഈടാക്കില്ല. കോവിഡ് കാലത്ത് വൈദ്യുതി തടസം വരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫീൽഡ് തൊഴിലാളികൾ 24 മണിക്കൂറും രംഗത്തുണ്ട്. കോവിഡ് വ്യാപനം ഉള്ള ജില്ലകളെ സഹായിക്കാനായി 50 കോടി രൂപ ആരോഗ്യ വകുപ്പിന് കൈമാറിയെന്നും കെഎസ്ഇബി ചെയർമാൻ അറിയിച്ചു.

click me!