
വയനാട് മേപ്പാടി പോളിടെക്നിക്കിലെ വിദ്യാർത്ഥി സംഘർഷത്തില്‍ വനിതാ നേതാവ് അപർണ ഗൗരിയെ ആക്രമിച്ചത് ലഹരിക്കടിമയായ വിദ്യാർത്ഥികളെന്ന് എസ്എഫ്ഐ. വിദ്യാർത്ഥികൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന വീഡിയോ എസ്എഫ്ഐ പുറത്തുവിട്ടു. ദൃശ്യങ്ങളിൽ ഉള്ളത് യുഡിഎസ്എഫ് പ്രവർത്തകരാണെന്നും എസ്എഫ്ഐ ആരോപിക്കുന്നു. ആരോപണത്തില്‍ അന്വേഷണം തുടങ്ങിയെന്ന് മേപ്പാടി പൊലീസ് വിശദമാക്കി.
യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘർഷത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ് എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണ ഗൗരിക്ക് പരുക്കേറ്റത്. എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണാ ഗൗരി, യുഡിഎസ്എഫ് ചെയർമാൻ മുഹമ്മദ് സാലിം തുടങ്ങിയവർക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ലാത്തിവീശിയാണ് വിദ്യാർത്ഥികളെ പിരിച്ചുവിട്ടത്.
വിദ്യാർത്ഥികളുടെ ആക്രമണത്തിൽ മേപ്പാടി എസ്എച്ച്ഒ വിപിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 3 വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സയിൽ കഴിയുന്ന അപർണ ഗൗരിയെ ജില്ല സെക്രട്ടറി പി. ഗഗാറിൻ സന്ദർശിച്ചു.എന്നാല്‍ യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ യുഡിഎഫ് വിദ്യാർത്ഥികളെ എസ്എഫ്ഐയും പൊലീസും ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് യുഡിഎഫ് കുറ്റപ്പെടുത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam