
തിരുവനന്തപുരം: എസ് എഫ് ഐയുമായുള്ള തലസ്ഥാനത്തെ സംഘർഷങ്ങൾക്കും പോർവിളിക്കും പിന്നാലെ അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ് എച്ച് ഒയെ തിരികെ വിളിപ്പിച്ച് ആഭ്യന്തരവകുപ്പ്. വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പോയ സി ഐ സതീഷ് കുമാറാണ് അവധി റദ്ദാക്കി തിരികെ പ്രവേശിച്ചത്. ഇതോടെ താത്കാലികമായി പകരം ചുമതല നൽകിയ ഇൻസ്‌പെക്ടർ മടങ്ങി. എസ് എച്ച് ഒ അവധിയിൽ പോയതും എസ് ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം കോൺഗ്രസ് സൈബറിങ്ങളിലുണ്ടായതോടെയാണ് ആഭ്യന്തര വകുപ്പിന്‍റെ തിരക്കിട്ട നീക്കമുണ്ടായത്. ഇതിനിടെ ഭരണനുകൂല പൊലിസ് അംഗങ്ങൾ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. ഒടുവിൽ ഉച്ച കഴിഞ്ഞ് അവധി റദ്ദാക്കി എസ് എച്ച് ഒ സതീഷ് കുമാർ ജോലിയിൽ കയറുകയായിരുന്നു. അതേസമയം എസ് എച്ച് ഒയെയും എസ് ഐയെയും 10 ദിവസത്തിനുള്ളിൽ മാറ്റണമെന്നായിരുന്നു എസ് എഫ് ഐയുടെയും സി പി എമ്മിന്‍റെയും ആവശ്യം.
തലസ്ഥാനത്ത് സ്റ്റേഷനുകളിലേക്കും പൊലിസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും നേരിട്ടുള്ള സമരങ്ങള്‍ ഇന്നില്ലെങ്കിലും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. എസ് എച്ച് ഒ സതീഷ് കുമാറിനും എസ് ഐ ജി ഗോകുലിനുമെതിരെയാണ് ഇടത് സംഘടനകളുടെ പ്രതിഷേധം. ഹോസ്റ്റലിലെ സംഘർഷത്തിന്‍റെയും വെല്ലുവിളി ഫേസ്ബുക്ക് പോസ്റ്റിന്‍റെയും പശ്ചാത്തലത്തിത്തിൽ രണ്ട് പേരെയും കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ് എച്ച് ഒയും സി ഐയും അവധിയിലേക്ക് പോയത്. അവധി വിവാദം ചർച്ചയായതിന് പിന്നാലെ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച് എസ് എച്ച് ഒ തിരികെയെത്തി. ഭരണാനുകൂല പൊലീസ് സംഘടന ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പകരം എസ് എച്ച് ഒ ആയി നിയമിച്ചത് ഇടത് കാലത്തെ എസ് എച്ച് ഒ ആയ ഉദ്യോഗസ്ഥനാണ്, ഇയാളെ തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എസ് ഐ മൂന്ന് ദിവസത്തെ പരിശീലനത്തിലാണ്. വിവാഹ ആവശ്യങ്ങൾക്കായി എസ് ഐക്ക് ഒരു മാസത്തെ അവധി അനുവദിച്ചിട്ടുണ്ട്. അതേസമയം രണ്ട് പേരെയും ഉടൻ മാറ്റില്ലെന്നാണ് ആഭ്യന്തരവകുപ്പിന്‍റെ നിലപാട്. ഉദ്യോഗസ്ഥർക്കെതിരായ പെട്ടെന്നുള്ള നടപടി സേനക്കുള്ളിൽ അമർഷമുണ്ടാക്കുമെന്ന വിലയിരുത്തിലാണ് ആഭ്യന്തരവകുപ്പ്. എസ് എച്ച് ഒയുടേയും എസ് ഐയുടേയും വീടുകളിലേക്ക് എസ് എഫ് ഐയും ഡി വൈ എഫ് ഐയും കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. രണ്ട് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ പൊലീസ് പരിശോധനയും നടത്തി. തോക്കുമായാണ് എസ് ഐ പരിശോധനക്കെത്തിയത്. ഇതും വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം ഹോസ്റ്റലിലെ ലാത്തിചാർജ്ജ് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവർക്കെതിരെയും നടപടി ആവശ്യപ്പെട്ട എസ് എഫ് എഫ്, ഈ മാസം 10 ന് മുൻപ് തീരുമാനമില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam