
കൊച്ചി : സര്‍വകലാശാലകളിലെ സംഘപരിവാര്‍വത്കരണത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ മുന്നോട്ട് തന്നെ. ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് എറണാകുളത്ത് കളമശേരിയിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. സ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പിന്നീട് കരിങ്കൊടിയുമായി വന്ന പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് മടങ്ങിപ്പോയി. പിന്നീട് ഗവര്‍ണര്‍ തിരിച്ചു പോകുന്നതിനിടെ വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ റോഡരികില്‍നിന്ന് കരിങ്കൊടി കാണിച്ചു. പിരിഞ്ഞുപോയതിനുശേഷം വീണ്ടും ഏഴംഗ സംഘമാണ് റോഡരികില്‍ ഒത്തുകൂടിയത്.സംഘി ചാന്‍സിലര്‍ ഗോ ബാക്ക് എന്ന ബാനറും ഉയര്‍ത്തിയാണ് ഗവര്‍ണറുടെ വാഹനം കടന്നുപോയപ്പോള്‍ എസ്എഫ്ഐക്കാര്‍ പ്രതിഷേധിച്ചത്.