
കല്‍പ്പറ്റ:ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടി.എൻ. ഗോപകുമാറിൻ്റെ സ്മരണാര്‍ത്ഥമുള്ള ഏഴാമത് ടിഎന്‍ജി പുരസ്കാരം പൈതൃക നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് സമ്മാനിച്ചു. വയനാട് കമ്മനയിലെ അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തക ചുക്കി നഞ്ചുണ്ട സ്വാമി പുരസ്‌കാരം സമ്മാനിച്ചു. കർഷകർ രാജ്യത്ത് ദുരിതങ്ങൾ മാത്രം നേരിടുമ്പോൾ ഒരു കർഷകന് ഏഷ്യാനെറ്റ് ന്യൂസ് അവാർഡ് നൽകുന്നതിൽ വലിയ സന്ദേശമുണ്ടെന്ന് ചുക്കി നഞ്ചുണ്ട സ്വാമി പറഞ്ഞു. വർത്തമാന കാലത്ത് നെൽവിത്തുകളെ സംരക്ഷിക്കുന്ന വിശുദ്ധ പോരാളിയാണ് പത്മശ്രീ ചെറുവയൽ രാമൻ എന്ന് ചുക്കി നഞ്ചുണ്ട സ്വാമി പറഞ്ഞു. മണ്ണും മനുഷ്യനും വാർത്തകളിൽ നിന്ന് അകലുകയാണെന്ന് തോന്നിപ്പിക്കുന്ന കാലത്ത് കൃഷിയറിവുകളുടെ അക്ഷയഖനിയായ ചെറുവയല്‍ രാമന് സ്വന്തം നാട്ടുകാരെ സാക്ഷിയാക്കിയാണ് ടിഎന്‍ജിയുടെ ഓര്‍മദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ അംഗീകാരമായി പുരസ്കാരം കൈമാറിയത്.
2 ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. വയൽമണ്ണ് കൊണ്ട് മെഴുകിയ, പുല്ല് മേഞ്ഞ സ്വന്തം വീട്ടുമുറ്റത്ത് വച്ചു അവാർഡ് സ്വീകരിച്ചതിന്‍റെ സന്തോഷവും ചെറുവയല്‍ രാമന്‍ മറുപടി പ്രസംഗത്തില്‍ പങ്കുവെച്ചു. തന്‍റെ മണ്ണിൽവെച്ച് തന്നെ ഈ അവാർഡ് നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് തീരുമാനിച്ചത് വലിയ മാതൃകയാണെന്ന് ചെറുവയല്‍ രാമന്‍ പറഞ്ഞു. വയനാട് ജില്ലാ പഞ്ചയാത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരൻ മഹേഷ് മംഗലാട്ട് ടിഎന്‍ജി അനുസ്മരണ പ്രഭാഷണം നടത്തി. ടിഎന്‍ജിയുടെ സഹോദരൻ ടിഎന്‍ ശ്രീകുമാർ, ഏഷ്യാനെറ്റ് ന്യൂസ് അസി.എക്‌സിക്യൂറ്റീവ് എഡിറ്റർ വിനു വി. ജോൺ, മലബാർ റീജ്യണല്‍ എഡിറ്റർ എന്നിവർ സംസാരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam