
ഷാര്‍ജയില്‍ മരിച്ച നിതിനെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. നിയമ പോരാട്ടത്തിന് തയ്യാറായ ആതിരക്ക് ആദരമെന്നോണം നല്‍കിയ യൂത്ത് കെയര്‍ ടിക്കറ്റിന് പകരമായി 2 സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയ നിതിന്‍ അന്ന് തൊട്ട് ഇന്നുവരേയും സജീവമായി കൊവിഡ് കാലത്ത് യുവതയുടെ കരുതല്‍ അടയാളപ്പെടുത്തിയ മനുഷ്യ സ്‌നേഹിയാണെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പരിചയമുള്ളവര്‍ക്കെല്ലാം വിങ്ങുന്ന വേദനയാണെങ്കില്‍ ഇല്ലാത്തവര്‍ക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് നിതിന്റെ വിയോഗമെന്നും സ്വന്തം കാര്യത്തിനേക്കാള്‍ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ. ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കുമെന്നും എംഎല്‍എ കുറിച്ചു.
സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നിധിന്‍ ഇന്ന് പുലര്‍ച്ചെ ഷാര്‍ജയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ നാട്ടിലേക്ക് പോയതിന് ശേഷം ബാച്ചിലര്‍ അക്കൊമൊഡേഷനിലേക്ക് മാറിയ അദ്ദേഹം രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രാവിലെ ഉറക്കമെഴുന്നേല്‍ക്കാതെ വന്നപ്പോള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച സുഹൃത്തുക്കളാണ് ചലനമറ്റ നിലയില്‍ നിധിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ വൈദ്യസഹായം തേടി. ഉറക്കത്തിനിടെ രാത്രി തന്നെ നിധിന്‍ മരിച്ചതായാണ് നിഗമനം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എന്താ പറയേണ്ടതെന്ന് അറിയുന്നില്ല. പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാന്‍ ഇനി നിതിന്‍ ഇല്ല. ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ള പ്രവാസ ലോകത്ത് കുടുങ്ങി കിടന്നവരെ നാട്ടിലെത്തിക്കാന്‍ 7 മാസം ഗര്‍ഭിണിയായ ആതിര നിയമപോരാട്ടാം നടത്തുമ്പോള്‍ അതിന് കരുത്ത് പകര്‍ന്ന നിധിന്‍ ഭാര്യയോടോന്നിച്ച് നാട്ടില്‍ പോണില്ലേ എന്ന് ചോദിച്ചവരോട് പറഞ്ഞത് ആരെങ്കിലും അത്യാവശ്യക്കാരുണ്ടെങ്കില്‍ പൊയ്‌ക്കോട്ടേ എന്നായിരുന്നു.
ഐപ്പ് വള്ളിക്കാട്ട് എഴുതിയത് പോലെ നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ .. ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും?. നാട്ടിലേക്ക് പോവാന്‍ ലഭിച്ച അവസരത്തിലും മറ്റൊരാള്‍ക്ക് വേണ്ടി അത് മാറ്റി വെച്ച നിതിന്‍ ഇപ്പോ അനിവാര്യമായ യാത്രക്ക് അസമയത്ത് പുറപ്പെട്ടിരിക്കുന്നു.
നിയമ പോരാട്ടത്തിന് തയ്യാറായ ആതിരക്ക് ആദരമെന്നോണം കൊടുത്ത യൂത്ത് കെയര്‍ ടിക്കറ്റിന് പകരമായി 2 സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയ നിതിന്‍ അന്ന് തൊട്ട് ഇന്ന് വരേയും സജീവമായി കോവിഡ് കാലത്ത് യുവതയുടെ കരുതല്‍ അടയാളപ്പെടുത്തിയ മനുഷ്യ സ്‌നേഹിയാണ്. പരിചയമുള്ളവര്‍ക്കെല്ലാം വിങ്ങുന്ന വേദനയാണെങ്കില്‍ ഇല്ലാത്തവര്‍ക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് ഈ വിയോഗം... കാരണം സ്വന്തം കാര്യത്തിനേക്കാള്‍ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam