ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ
തിരുവനന്തപുരം: ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇറ്റലിയിൽ നേപ്പിൾസല്‍ നിന്നുള്ള ഫ്രാൻസിസ്കൻ സന്യാസ വൈദികൻ ബെരാർദോ അത്തൊണ്ണയെയും, ഡൊമെനിക്ക കാതറീനയെയും ഇദ്ദേഹത്തോടൊപ്പം സഭ ധന്യരായി ഉയർത്തിയിട്ടുണ്ട്. സിറോ മലബാർ സഭയിലെ പ്രധാന വ്യക്തിത്വമായിരുന്നു മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ. സെൻ്റ് ജോസഫിൻ്റെ മെഡിക്കൽ സിസ്റ്റേഴ്‌സ് എന്ന പേരില്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനായി സന്യാസ സമൂഹത്തിന് രൂപം നല്‍കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രാർത്ഥനയും പ്രായോഗിക പ്രവർത്തനങ്ങളും സമന്വയിപ്പിച്ച, സമർപ്പിത ജീവിതമായിരുന്നു മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരന്‍റേത്.
1918 ഡിസംബർ 21 നാണ് ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ വൈദികനായി സ്ഥാനമേല്‍ക്കുന്നത്. ആദ്യകാലത്ത് അധ്യാപകനയി പ്രവർത്തിച്ചുണ്ട്. പിന്നീട് അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയില്‍ പ്രവർത്തിക്കുന്നതിനായി അധ്യാപനം അവസാനിപ്പിച്ചു. 1925 ൽ റോമിൽ നടന്ന ഇന്‍റർനാഷണൽ മിഷൻ എക്സിബിഷനിൽ സിറോമലബാർ സഭയുടെ പ്രതിനിധിയായി വത്തിക്കാനിൽ പ്രവർത്തിച്ചു. പിന്നീട് റോമിൽ നിന്ന് ഫിലോസഫി, തിയോളജി, കാനൻ ലോ എന്നീ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടി തിരിച്ചെത്തി. വീണ്ടും സാമൂഹിക പ്രവർത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുടർന്ന് എറണാകുളം അതിരൂപതയുടെ കിഴക്കൻ മലയോരപ്രദേശങ്ങളിൽ കോതമംഗലം കേന്ദ്രീകരിച്ച് സജീവമായി സാമൂഹിക പ്രവർത്തനം തുടർന്നു. പിന്നീട് 1949 നവംബർ 4 -ന് ജോസഫ് പഞ്ഞിക്കാരൻ നിര്യാതനായി.



