എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരിക്കെ പ്രതാപചന്ദ്രനെതിരെ 2023ലും ആരോപണം ഉയര്‍ന്നിരുന്നു. നോര്‍ത്ത് പാലത്തിന് താഴെ വിശ്രമിക്കുകയായിരുന്ന സ്വിഗ്ഗി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു പരാതി
എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരിക്കെ പ്രതാപചന്ദ്രനെതിരെ 2023ലും ആരോപണം ഉയര്‍ന്നിരുന്നു. അന്ന് സ്വിഗ്ഗി ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. സ്വിഗ്ഗി ജീവനക്കാരനെ എസ്എച്ച്ഒ ക്രൂരമായി മര്‍ദിച്ചെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് 2023ൽ സംപ്രേഷണം ചെയ്തിരുന്നു. 2023 ഏപ്രിൽ ഒന്നിനാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. എറണാകുളം നോര്‍ത്ത് പാലത്തിന് താഴെ തണലത്ത് വിശ്രമിക്കുന്നതിനിടെ അവിടെ എത്തിയ എസ്എച്ച്ഒ പ്രതാപചന്ദ്രൻ ക്രൂരമായി മര്‍ദിച്ചെന്നാണ് സ്വിഗ്ഗി ജീവനക്കാരനായ റിനീഷിന്‍റെ പരാതി. കാക്കനാട് വീടുള്ളവൻ എറണാകുളം നോര്‍ത്തിലെ പാലത്തിന്‍റെ അടിയിൽ വന്നിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നുവെന്നും ഇവിടെ ഇരിക്കാൻ പാടില്ലെന്ന് അറിയില്ലായിരുന്നുവെന്നാണ് മറുപടി പറഞ്ഞതെന്നുമാണ് റിനീഷ് അന്ന് വെളിപ്പെടുത്തിയത്.
പോക്കറ്റിൽ എന്താണെന്ന് ചോദിച്ചപ്പോള്‍ ഹെഡ്‍സെറ്റ് ആണെന്ന് മറുപടി നൽകി. ഇതിനിടെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. ലാത്തി ഒടിഞ്ഞു പോയി. എന്തിനാണ് സാറെ തല്ലിയതെന്ന് ചോദിച്ചപ്പോള്‍ വീണ്ടും മുഖത്തടിച്ചു. പിന്നെയും മര്‍ദനം തുടര്‍ന്നു. നടുപിളര്‍ക്കെ അടിച്ചു. പലതവണ അടിച്ചു. അടിയേറ്റ് മുഖം മരവിപ്പിച്ചുപോയെന്നും റിനീഷ് പറഞ്ഞു. മര്‍ദിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഛര്‍ദിച്ച് അവശനായ റിനീഷിനെ പൊലീസ് തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മര്‍ദനത്തിൽ കോണ്‍ഗ്രസ് പ്രതിഷേധവുമായി സ്റ്റേഷനിലേക്ക് മാര്‍ച്ച് അടക്കം നടത്തിയിരുന്നു. മര്‍ദനത്തിൽ പരിക്കേറ്റ റിനീഷിന്‍റെ അമ്മ റീന സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയിരുന്നു. അന്വേഷിക്കാൻ അസി. കമ്മീഷണറെ ചുമതലപ്പെടുത്തിയെന്ന മറുപടിയാണ് കമ്മീഷണര്‍ നൽകിയത്. എന്നാൽ, മര്‍ദിച്ചെന്ന ആരോപണം പൊലീസ് നിഷേധിക്കുകയായിരുന്നു. സംശയകരമായ സാഹചര്യത്തിൽ യുവാവിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.
നിലവിൽ അരൂര്‍ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രൻ 2024ൽ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മുഖത്തടിച്ചക്കുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. നിലവിൽ എസ്എച്ച്ഒയ്ക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നുമാണ് ആലപ്പുഴ എസ്‍പി മോഹനചന്ദ്രൻ പ്രതികരിച്ചത്. ഒന്‍പത് മാസം മുമ്പാണ് പ്രതാപചന്ദ്രൻ അരൂര്‍ എസ്എച്ച്ഒ ആയത്. കസ്റ്റഡിയിലെടുത്തയാളുടെ ഭാര്യയെ ആണ് പ്രതാപചന്ദ്രൻ ക്രൂരമായി തല്ലിയത്. കോടതി ഉത്തരവിലൂടെയാണ് മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പരാതിക്കാരിക്ക് ലഭിച്ചത്. അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പ്രതാപചന്ദ്രനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നൽകി.



