
പാലക്കാട്: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ വെച്ച് വനിതാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായെന്ന ആരോപണത്തില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പ്രവര്‍ത്തകയില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പീഡന പരാമര്‍ശമില്ല. പരാതി ഉണ്ടെങ്കില്‍ അത് പൊലീസിനെ ഏല്‍പ്പിക്കും. സഹപ്രവര്‍ത്തകയ്ക്ക് എല്ലാ നിയമസഹായവും സംഘടന നല്‍കും. പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. കത്തിന്‍റെ ഉറവിടം രണ്ടംഗ സമിതി അന്വേഷിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് ആരോപണ വിധേയനായ വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിൻ്റെ കത്തിലുള്ളത്. ദളിത് വിഭാഗത്തിൽ നിന്ന് വരുന്ന താൻ സംഘടനയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിൽ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവർത്തകർ സമാന പ്രശ്നം നേരിടുന്നുണ്ടെന്നും കേരളത്തിന്‍റെ ചുമതല ഉള്ള സെക്രട്ടറി പുഷ്പലതക്ക് നൽകിയ പരാതിയിൽ പരാതിക്കാരി പറയുന്നു.
'നടക്കുന്നത് ചെറിയ ചര്‍ച്ച മാത്രം': യൂത്ത് കോണ്‍ഗ്രസ് ക്യാംപിലെ പീഡന പരാതി നിസ്സാരവത്കരിച്ച് കെ.സുധാകരൻ
പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാംപായ ചിന്തിൻ ശിബിരത്തിലെ പീഡന പരാതി നിസ്സാര വത്കരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പീഡനപരാതി ചെറിയ രീതിയിൽ മാത്രമേ ചര്‍ച്ചയായുള്ളൂവെന്നും ഇക്കാര്യത്തിൽ തനിക്ക് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
ചിന്തൻ ശിബിരിലെ പീഡനപരാതി യൂത്ത് കോൺഗ്രസ് നേതൃത്വം മുക്കിയെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് പരാതി ചെറിയ ചർച്ചയെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വവും നിസ്സാരവൽക്കരിക്കുന്നത്. വിവാദം ശക്തമായതോടെയാണ് കോൺഗ്രസ് നേതൃത്വം യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് വിശദീകരണം തേടിയത്. സമൂഹമാധ്യമങ്ങളിൽ വനിത അംഗത്തിന്‍റെ പേരിൽ പ്രചരിക്കുന്ന പീഡന പരാതി വ്യാജമെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം. പരാതിയുമായി വനിതാ അംഗം നേരിട്ട് വരാത്തത് പ്രതിരോധമാക്കിയാണ് യൂത്ത് കോൺഗ്രസിനെ പോലെ കോൺഗ്രസ് നേതൃത്വവും ആരോപണങ്ങളേ നേരിടുന്നത്.