'മുഖ്യമന്ത്രിക്കും മകൾക്കും മകനുമെതിരെ വാർത്ത നൽകുന്നതിന്‍റെ പ്രതികാരം, ഡിജിപിക്കും എന്നോട് വാശി': ഷാജൻ സ്കറിയ

Published : May 06, 2025, 01:44 AM ISTUpdated : May 06, 2025, 02:13 AM IST
'മുഖ്യമന്ത്രിക്കും മകൾക്കും മകനുമെതിരെ വാർത്ത നൽകുന്നതിന്‍റെ പ്രതികാരം, ഡിജിപിക്കും എന്നോട് വാശി': ഷാജൻ സ്കറിയ

Synopsis

മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ ഷാജൻ സ്കറിയ. പൊലീസ് ഗുണ്ടകളെ പോലെയാണ് വീട്ടിൽ കയറിവന്നതെന്നും ആരോപണം. 

തിരുവനന്തപുരം: എന്തിനോ വേണ്ടി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ഓണ്‍ലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ. അപകീർത്തി കേസിൽ അറസ്റ്റിന് ശേഷം ജാമ്യം ലഭിച്ചപ്പോഴായിരുന്നു പ്രതികരണം. മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെയാണ് ഷാജൻ സ്കറിയ ആരോപണം ഉന്നയിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യാൻ കയറി വന്നത് ഗുണ്ടകളെ പോലെയാണെന്നും ഷാജൻ സ്കറിയ ആരോപിച്ചു.

"എന്തിനോവേണ്ടി സർക്കാർ എന്നെ വേട്ടയാടുന്നു. ഞാൻ 90 വയസ്സായ അപ്പനും അമ്മയ്ക്കുമൊപ്പം വണ്ടിയോടിച്ച് വരുന്നതിനിടെ ആരോ പിന്തുടരുന്നതായി സംശയം തോന്നി. വീട്ടിലെത്തി അമ്മയ്ക്കും അപ്പനും ഭക്ഷണം കൊടുക്കുന്നതിനിടെയാണ് ഗുണ്ടകൾ വരുംപോലെ പൊലീസ് വന്നത്. അറസ്റ്റ് ചെയ്യാനാണ് വന്നത് സഹകരിക്കണം എന്ന് പറഞ്ഞു. ഉടുപ്പ് പോലും ഇടാൻ അനുവദിച്ചില്ല. എന്നോട് ഇതുവരെ ക്രൈം എന്താണെന്ന് പറഞ്ഞിട്ടില്ല. ആരാണ് പരാതിക്കാരി എന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കും മകൾക്കും ദുബൈ കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനം നടത്തുന്ന മകനുമെതിരെ ധാരാളം വാർത്തകൾ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് വലിയ വിഷമമുണ്ട്. ഇപ്പോഴത്തെ ഡിജിപിക്കും എന്നോടൊരു വാശിയുണ്ട്. നേരത്തെ എന്നെ പിടിക്കാൻ നോക്കിയിട്ട് നടന്നില്ലല്ലോ. ഇറങ്ങുന്നതിന് മുൻപ് എന്നെ രണ്ട് ദിവസം ജയിലിലിടണമെന്ന് വാശിയുണ്ടാകും"- എന്നാണ് ജാമ്യം ലഭിച്ച ശേഷം ഷാജൻ സ്കറിയയുടെ പ്രതികരണം.  

2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഹണി ട്രാപ്പിലൂടെ പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുഎഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്.

രാത്രി എട്ടരയോടെയാണ് ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താൻ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും അവകാശപ്പെട്ടു.
 

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി