
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണിന് സ്നേഹാദരങ്ങളോടെ യാത്ര. മൃതദേഹം തിരുവനന്തപുരം ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സിനിമാ-സാഹിത്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പൊതുദര്‍ശന ഇടങ്ങളില്‍ ആദാരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച പ്രതിഭയ്ക്ക് അന്ത്യപ്രണാമം. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ശാന്തികവാടത്തില്‍ സ്നേഹാഞ്ജലി അര്‍പ്പിച്ചു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനും കലക്ടറും ചടങ്ങിനെത്തി. രാഷ്ട്രീയ നേതാക്കള്‍, സിനിമാ- സാസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍, ബഹുമുഖ പ്രതിഭയ്ക്ക് ആദരമര്‍പ്പിക്കാന്‍ പൊതുസമൂഹത്തിന്‍റെ പരിശ്ചേദം.
രാവിലെ പത്തരയോടെയാണ് വെള്ളയമ്പലത്തെ വസതിയില്‍ നിന്ന് മൃതദേഹം പൊതുദര്‍ശനത്തിനായി കലാഭവനിലേക്ക് കൊണ്ടുവന്നത്. രണ്ട് മണിക്കൂറോളം ഇവിടെ പൊതുദര്‍ശനം നടന്നു. സിനിമയിലെ പിന്നണി പ്രവര്‍ത്തകരുടെ നീണ്ട നിരയാണ് കലാഭവന്‍ തീയേറ്ററില്‍ കണ്ടത്. ഉച്ചയോടെ വീണ്ടും വീട്ടിലേക്ക് കൊണ്ടുപോയി. പിറവിയില്‍ നിന്നുള്ള അന്ത്യയാത്ര ശാന്തികവാടത്തിലെ ചിതയിലേക്ക് എത്തിയതോടെ, ഷാജി എന്‍ കരുണിന്‍റെ ജീവിതയാത്രയിലെ അവസാന സീനും പൂര്‍ണമായി.