
കോട്ടയം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ അമ്മ. മകനെ കൊണ്ടുപോയത് ജോമോനാണെന്ന് തന്നെ പറഞ്ഞ് പരാതി നൽകിയിരുന്നുവെന്നാണ് ഷാനിന്റെ അമ്മ ത്രേസ്യാമ്മ പറയുന്നത്. അർധരാത്രി തന്നെ പരാതിപ്പെട്ടിട്ടും തന്റെ മകനെ രക്ഷിക്കാൻ പോലീസിനായില്ല. രാവിലെ ഷാനെ തിരികെ കൊണ്ടുവരുമെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും അമ്മ പറഞ്ഞു.
വികാരാധീനയായിട്ടായിരുന്നു ഷാൻ്റെ അമ്മയുടെ പ്രതികരണം. എന്റെ മകൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. മോന്റെ കാല് മുറിഞ്ഞിരുന്നത് കൊണ്ടാണ് ജോമോൻ വന്നപ്പോൾ ഓടി രക്ഷപ്പെടാൻ പറ്റാതിരുന്നത്. രാത്രി തന്നെ പോയി പരാതിപ്പെട്ടിട്ട് പൊലീസുകാർ എന്ത് ചെയ്യുവായിരുന്നു? അവൻ എന്‍റെ കുഞ്ഞിനെ കൊന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിൽ കൊണ്ടിട്ടു. ഈ ഗവർൺമെന്റ് എന്തിനാണ് ഇവനെപ്പൊലുള്ളവരെ തുറന്ന് വിട്ടിരിക്കുന്നത് ? എന്‍റെ പൊന്നുമോനെ തിരിച്ചുതരുവോ ? ഈ കാലൻമാരെയൊക്കെ എന്തിനാണ് പുറത്ത് വിടുന്നത് എന്നൊക്കെയാണ് ഷാനിന്റെ അമ്മ ചോദിക്കുന്നത്.
ജോമോൻ ആണ് തട്ടിക്കൊണ്ട് പോയത് വ്യക്തമായിരുന്നില്ലെന്നാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുലർച്ചെ ഷാനിനെ കൊന്ന് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത്.
ഷാനിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരിൽ കേസുകളുമില്ല. ഇൻസ്റ്റഗ്രാമിൽ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോൻ ഷാനിനെ ഉന്നമിട്ടതെന്നാണ് അനുമാനം.
കോട്ടയം കൊല ഇങ്ങനെ
രാത്രി 9.30:
ഗുണ്ട ജോമോൻ കെ ജോസ് വിമലഗിരിയിലെ വീട്ടിലെത്തി ഷാൻ ബാബു എന്ന 19 കാരനെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്നു.
രാത്രി 1.30
മകനെ കാണാനില്ലെന്ന പരാതിയുമായി ഷാൻ ബാബുവിന്റെ അമ്മ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുന്നു
പുലർച്ചെ 3.30
ഷാൻ ബാബുവിന്റെ മൃതദേഹവും ചുമന്ന് ഗുണ്ട ജോമോൻ കെ ജോസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam