പാലാ എഫക്ട്? അഞ്ചിലങ്കത്തിലെ തര്‍ക്കം പരിഹരിച്ച് യുഡിഎഫ്; അരൂരില്‍ ഷാനിമോള്‍, കോന്നിയില്‍ മോഹന്‍രാജ്

By Web TeamFirst Published Sep 27, 2019, 9:39 PM IST
Highlights

വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാര്‍

എറണാകുളത്ത് ടിജെ വിനോദ് കുമാര്‍

മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീന്‍

തിരുവനന്തപുരം: പാലായില്‍ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ അ‍ഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെ അനിശ്ചിതത്വത്തിന് വിരാമമിട്ട് യുഡിഎഫ്. അരൂരിലും കോന്നിയിലും നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും അഭിപ്രായവ്യത്യാസത്തിനുമാണ് നേതൃത്വം പരിഹാരം കണ്ടിരിക്കുന്നത്. കോന്നിയിൽ മോഹൻ രാജും അരൂരിൽ ഷാനിമോൾ ഉസ്മാനും മത്സരിക്കും.

നേരത്തെ തന്നെ വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച നേതൃത്വം എറണാകുളത്ത് ടിജെ വിനോദിന്‍റെ കാര്യത്തിലും ധാരണയിലെത്തിയിരുന്നു. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കോന്നിയിൽ അടൂർപ്രകാശിന്‍റെയും പ്രാദേശിക നേതാക്കളുടേയും എതിർപ്പ് മറികടന്നാണ് മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയത്. തന്‍റെ വിശ്വസ്തനായ റോബിന്‍ പീറ്ററിനെയാണ് കോന്നിയിലെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് മുന്നോട്ട് വച്ചിരുന്നത്.

വട്ടിയൂർകാവ് നിലനിർത്താനുള്ള ദൗത്യം മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാറിനെ ഏല്പിച്ച് കോൺഗ്രസ്. പ്രതിച്ഛായപ്രശ്നവും മണ്ഡലത്തിൽ നിന്നുയർന്ന എതിർപ്പുകളും കണക്കിലെടുത്താണ് ആദ്യം പരിഗണിച്ചിരുന്ന പീതാംബരക്കുറുപ്പിന്റെ പേര് വെട്ടിയത്. നേതാക്കൾ ഇടപെട്ടതോടെ കുറുപ്പിനായി വാദിച്ചിരുന്ന കെ മുരളീധരൻ പിന്‍വാങ്ങുകയായിരുന്നു.

click me!