
കോഴിക്കോട്: വ്യാജ ഷെയർ ട്രേഡ് ആപ് തട്ടിപ്പിൽ കോഴിക്കോട് സ്വദേശിയായ സംരംഭകന് 4.8 കോടി രൂപ നഷ്ടമായ വാർത്ത ചെറുതായൊന്നുമല്ല നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. ഇത്തരം തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാവുകയാണ്. എങ്ങനെയാണ് ഈ തട്ടിപ്പുകൾ നടക്കുന്നത്? എങ്ങനെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാം? നോക്കാം.
ട്രേഡ് ഷെയർ തട്ടിപ്പിന്റെ രീതികൾ എങ്ങനെയെന്ന് ആദ്യം നോക്കാം
ഫേസ്ബുക്ക്, വാട്ട്സ്‌ആപ്പ്, ടെലിഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൗജന്യ ട്രേഡിംഗ് ടിപ്സുമായി ബന്ധപ്പെട്ട പരസ്യങ്ങളാണ് ആദ്യം നിങ്ങളിലേക്ക് എത്തുക. ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് വാട്‌സാപ്പിലെയോ ടെലഗ്രാമിലെയോ ഗ്രൂപ്പിലേക്ക് കൊണ്ടു പോകും. തട്ടിപ്പുകാർ ഇരകളുമായി ഈ ഗ്രൂപ്പുകൾ വഴിയാണ് ആശയവിനിമയം നടത്തുന്നത്.
ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള സൗജന്യ ട്രേഡിങ് ടിപ്പുകൾ എന്ന രീതിയിൽ താത്പര്യമുള്ളവരിലേക്ക് ആദ്യം വിവരങ്ങൾ എത്തിക്കും. ചെറിയ തുകകള്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതിന് ആനുപാതികമായി ആദ്യ ഘട്ടത്തിൽ ഉയര്‍ന്ന റിട്ടേണുകൾ നല്‍കും. ഇരയുടെ അക്കൗണ്ടില്‍ തുക ഡെപ്പോസിറ്റും ചെയ്യും. സ്റ്റോക്കുകൾ ട്രേഡ് ചെയ്യുന്നതിനും വലിയ ലാഭം നേടുന്നതിനുമായി ട്രേഡിങ് ആപ്ലിക്കേഷൻ, വെബ് പ്ലാറ്റ്ഫോം എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നതിനോ ആക്സസ്സ് ചെയ്യുന്നതിനോ ഇരകളോട് ആവശ്യപ്പെടും. ഡിജിറ്റൽ വാലറ്റിൽ ഉയര്‍ന്ന തുകകൾ, വ്യാജ ലാഭമായി പ്രദർശിപ്പിക്കും. എന്നാൽ ഈ തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, 50 ലക്ഷം രൂപയോ അതിൽ കൂടുതലോ ലാഭത്തിൽ എത്തിയാൽ മാത്രമേ ഇത് സാധ്യമാകൂ എന്നു പറയും. ചുരുക്കത്തിൽ നിക്ഷേപിച്ച പണം നഷ്ടം.
തട്ടിപ്പുകളിൽ പെടാതിരിക്കാൻ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കാം
ആദ്യം സെബി പോലുള്ള റെഗുലേറ്ററി അതോറിറ്റികളിൽ നിങ്ങളുമായി ബന്ധപ്പെടുന്ന കമ്പനിയോ ബ്രോക്കറോ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അത്തരം റെഗുലേഷനുകള്‍ സ്ഥാപനം പാലിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തുക. ആകർഷകമായ റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.
ആപ്പുകൾക്ക് പുറമേ വിപണിയിലെ സാഹചര്യങ്ങൾ സ്വയം പഠിക്കുകയോ, വിദഗ്ധരോട് ചോദിച്ച് മനസ്സിലാക്കുകയോ വേണം. ഇനി തട്ടിപ്പിന് ഇരയാകുകയാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam