
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് വനിത പൊലീസുകാർക്ക് സസ്പെൻഷൻ. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ പൊലീസുകാരെയാണ് സസ്പെന്‍റ് ചെയ്തത്. നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, ഷാരോൺ കൊലക്കേസില്‍ ഗ്രീഷ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടര്‍ നടപടികളും പ്രതീക്ഷിച്ചിരിക്കെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സുരക്ഷയ്ക്ക് നാല് പൊലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പൊലീസുകാര്‍ ഗ്രീഷ്മയെ കൊണ്ടുപോയത് സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്കാണ്. അവിടെ വച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ചത്. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. അടിയന്തര ചികിത്സ നൽകി. മെഡിക്കൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.
Also Read: ഷാരോൺ വധം, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്‍മയുടെ ആരോഗ്യനില തൃപ്‍തികരം
അതേസമയം, കേസിൽ കൂടുതൽ പേരെ പ്രതി ചേര്‍ക്കുന്നത് അടക്കം നിര്‍ണ്ണായക നീക്കങ്ങളിലാണ് പൊലീസ്. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ഗ്രീഷ്മയെ ഒപ്പമിരുത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്യനുള്ള പൊലീസ് തീരുമാനം പാളി. അന്വേഷണം വൈകിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കമായിരുന്നോ ആത്മഹത്യാശ്രമം എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി മെച്ചെപ്പെടുന്നതിനനുസരിച്ച് തെളിവെടുപ്പ് അടക്കം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam