ഒരിക്കൽ കോളജിന്റെ അഭിമാനമായിരുന്ന കുട്ടിയെപ്പറ്റി ഇപ്പോൾ ഒന്നും  പ്രതികരിക്കാൻ ഇല്ലെന്ന് കോളജ് അധികൃതർ പറയുന്നു. സംഭവം പുറത്തറിഞ്ഞതിന്റെ ഞെട്ടലിലാണ് കോളേജ് അധികൃതർ. 

തിരുവനന്തപുരം: ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനു റാങ്ക് ജേതാവ് ആയിരുന്നു ഗ്രീഷ്‌മ. തക്കല മുസ്ലിം ആർട്സ് കോളജിനു മുന്നിലെ നോട്ടീസ് ബോർഡിൽ ഇപ്പോഴും ഗ്രീഷ്‌മയെ അഭിനന്ദിച്ചുള്ള അറിയിപ്പ് ഉണ്ട്. 2020-21 വര്‍ഷത്തെ റാങ്ക് ജേതാക്കളുടെ പട്ടികയില്‍ രണ്ടിടത്ത് ഗ്രീഷ്മയെ കാണാം. എന്നാല്‍ ഒരിക്കൽ കോളജിന്റെ അഭിമാനമായിരുന്ന കുട്ടിയെപ്പറ്റി ഇപ്പോൾ ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന് കോളജ് അധികൃതർ പറയുന്നു. സംഭവം പുറത്തറിഞ്ഞതിന്റെ ഞെട്ടലിലാണ് കോളേജ് അധികൃതർ. കഴിഞ്ഞ വർഷമാണ് ​ഗ്രീഷ്മ കോളേജ് പഠനം പൂർത്തിയാക്കിയത്. പാസ്സ് ഔട്ട് സ്റ്റുഡന്റ് എന്ന നിലയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്. 

 വളരെ നിര്‍ഭാഗ്യകരമായ സംഭവമാണിത്. പഠനത്തിൽ അതീവമിടുക്കിയായിരുന്നു ​ഗ്രീഷ്മ. അതുപോലെ തന്നെ കലാപ്രവർത്തനങ്ങളിലും ​ഗ്രീഷ്മ സജീവമായിരുന്നു. കോളേജിലെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ആക്റ്റീവായി പങ്കെടുത്തിരുന്ന പെൺകുട്ടിയായിരുന്നു ​ഗ്രീഷ്മ എന്ന് കോളേജ് അധികൃതർ പറയുന്നു. എന്നാൽ ഇത്തരം ക്രൂരമായ ഒരു പ്രവർത്തിയുടെ പേരിൽ ​ഗ്രീഷ്മ പൊലീസിന്റെ പിടിയിലായിരിക്കുന്നത് കോളേജിനെ ഞെട്ടിച്ചിരിക്കുകയാണ്. 

 മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി ഇന്നലെയാണ് പൊലീസിനോട് സമ്മതിച്ചത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയായിരുന്നു. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.