
പാറശ്ശാല: വീട്ടില്‍ നിന്നും താലി കെട്ടിയ ശേഷമുള്ള ഷാരോണിന്റെയും ഗ്രീഷ്മയുടെയും വീഡിയോ പുറത്തുവന്നു. ഷാരോണിന്റെ കുടുംബം ഈ വീഡിയോ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഷാരോണ്‍ ഗ്രീഷ്മയെ താലികെട്ടിയതിന് തെളിവ് ഇല്ലെന്ന് പൊലീസ് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇതിന് വീഡിയോ തെളിവുണ്ടെന്ന് ഷരോണിന്‍റെ കുടുംബം പറഞ്ഞിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അതേ സമയം പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവെടുപ്പും തുടര്‍നടപടികളും പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നമൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം. തെളിവെടുപ്പ് പിന്നീട് നടത്തുമെന്ന് പൊലീസ് അറിയിച്ചു. വിഷക്കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് പരിശോധന നടത്താന്‍ ഇന്ന് തെളിവെടുപ്പിന് എത്തിക്കാനായിരുന്നു തീരുമാനം.
പ്രതി ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ് പി. ഡി ശിൽപ അറയിച്ചു. സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്ന ശുചിമുറിയിലേക്ക് കൊണ്ടുപോകാതെ മറ്റൊരു ശുചിമുറിയിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയത്. അവിടെ നിന്നാണ് അണുനാശിനിയായ ലൈസോൾ എടുത്ത് കുടിച്ചത്.
ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും എസ് പി പറഞ്ഞു. അണുനാശിന് കഴിച്ച കാര്യം ഗ്രീഷ്മ തന്നെ തങ്ങളോട് പറഞ്ഞിരുന്നു. അപ്പോൾതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മജിസ്ട്രേറ്റ് എത്തി ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും. തെളിവെടുപ്പ് അതിന് ശേഷം മാത്രമേ ഉണ്ടാകൂ. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പ്രതികൾ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റൂറൽ എസ് പി പറഞ്ഞു.
"ഛർദ്ദിച്ചപ്പോൾ വിഷം നൽകിയെന്ന് പറഞ്ഞു, ആരോടും പറയേണ്ടെന്ന് ഷാരോൺ പറഞ്ഞു': ഗ്രീഷ്മയുടെ മൊഴി
എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
ഷാരോണ്‍ കൊലപാതകം: പ്രതി ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam