തരൂർ വിവാദം; പരസ്യപ്രസ്താവനകൾ വിലക്കി എഐസിസി, സാഹചര്യം നിരീക്ഷിക്കാൻ താരിഖ് അൻവറിന് നിര്‍ദ്ദേശം

By Web TeamFirst Published Jan 16, 2023, 10:22 AM IST
Highlights

തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം.

ദില്ലി: തരൂർ വിവാദം തുടരുന്ന സാഹചര്യത്തിൽ പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എഐസിസി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. സാഹചര്യം നിരീക്ഷിക്കാൻ താരിഖ് അൻവറിന് എഐസിസി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചർച്ചകൾ നടത്തി മുൻപോട്ട് പോകണമെന്നും എഐസിസി നിർദ്ദേശിച്ചു.

മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് മറുപടിയുമായി ചെന്നിത്തല എത്തിയതോടെയാണ് കോണ്‍ഗ്രസിലെ പുതിയ വിവാദങ്ങളുടെ തുടക്കം. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂർ തിരിച്ചടിച്ചു. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു, താൻ പരിപാടികളിൽ പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി.

Also Read: മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല, ചെന്നിത്തലയ്ക്ക് മറുപടി നൽകി തരൂർ

അതേസമയം, സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ എഐസിസി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം ഉയരുകയാണ്. തരൂരിന്‍റെ തേരോട്ടത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് നേതാക്കള്‍ വിമര്‍ശനം കടുപ്പിക്കുമ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ് ശശി തരൂരും. ജനം തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും കേരളത്തില്‍ ക്ഷണിക്കുന്ന പരിപാടികളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. 

Also Read: തരൂരിനെ തള്ളണോ കൊള്ളണോ? എഐസിസി ധര്‍മ്മസങ്കടത്തില്‍, നേതൃത്വത്തില്‍ ഭിന്നാഭിപ്രായം

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച ശശി തരൂര്‍ പ്രവര്‍ത്തക സമിതി ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ സമിതി നിലവില്‍ വരുമ്പോള്‍ അതിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്നാണ് തരൂരിന്‍റെ പ്രതീക്ഷ. എന്നാല്‍, ദേശീയ സംസ്ഥാന നേതൃത്വങ്ങളെ ഇതുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരൂരിനെ പരിഗണിക്കുന്നതില്‍ എഐസിസിയില്‍ ഏകാഭിപ്രായമില്ല. ഭാരത് ജോഡോ യാത്രക്ക് ശേഷം തരൂര്‍ വിഷയത്തില്‍ ചര്‍ച്ചയെന്നാണ് നിലവിലെ തീരുമാനം.

Also Read: 'മുഖ്യമന്ത്രിയാകുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോ'? ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

click me!