
തിരുവനന്തപുരം: കോൺഗ്രസുമായി പരിഭവം തുടർന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെൻ്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്. പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്നും നാളെ നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. ദുബായിൽ നിന്ന് ഇന്ന് ദില്ലിയിൽ തിരിച്ചെത്തുന്ന തരൂരിൻ്റെ പരിപാടികളിലുള്ളത് നാളെ പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ്.
അതേസമയം, തരൂർ സിപിഎമ്മിന് കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിൽ തുടരുകയാണ് തരൂർ. എന്നാൽ തരൂരിന്‍റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്. എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ കൊച്ചിയിൽ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി. രാഹുൽ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിന് മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാൽ അക്കാര്യം തരൂര്‍ നിഷേധിക്കുകയാണ്. അതേസമയം, സിപിഎമ്മിൽ ചേരുകയെന്ന അബദ്ധം തരൂര്‍ കാണിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തരൂരിനെപ്പോലെയൊരാള്‍ക്ക് എന്ത് സ്ഥാനം സിപിഎമ്മിന് കൊടുക്കാനാകുമെന്നാണ് അവരുടെ ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam