
കോട്ടയം: കേരളത്തിൽ മയക്കുമരുന്ന് കേസുകളിലെ വർധനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ രീതിയെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. കോട്ടയം പ്രസ് ക്ലബിൽ ഋഷിരാജ് സിംഗിന്റെ പുതിയ പുസ്‌തകത്തെ അപഗ്രഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മൂന്ന് വർഷത്തിനിടെ മയക്കുമരുന്ന് കേസ് മൂന്ന് മടങ്ങായി വർധിച്ചു. കുട്ടികൾ എന്തുകൊണ്ട് ലഹരിയിലേക്ക് പോകുന്നുവെന്ന് പരിശോധിക്കണം. കുട്ടികൾക്ക് കൊടുക്കുന്ന അമിത സമ്മർദമാണ് ഇതിന് പ്രധാന കാരണമായി ഋഷിരാജ് സിംഗ് പറയുന്നത്. കേരളത്തിൽ കുട്ടികൾക്കിടയിൽ എല്ലാ കാര്യത്തിലും മത്സരമാണ് നടക്കുന്നത്. എല്ലാ കുട്ടികൾക്കും പഠിക്കാൻ കഴിവുണ്ടാകണമെന്നില്ല. മറ്റുള്ള കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നില്ല. പഠനം മാത്രം ലക്ഷ്യമാക്കുകയാണ് ചെയ്യുന്നത്. കുട്ടികൾ നല്ല മനുഷ്യരായി വളരുകയാണ് വേണ്ടതെന്നും ശശി തരൂർ പറഞ്ഞു.
ഇന്ത്യയിലാകെ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നുണ്ട്. പരീക്ഷയ്ക്ക് പഠിക്കണമെന്ന് മാത്രമല്ല, 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വേണമെന്ന നിർബന്ധം കൂടി കുട്ടികൾക്ക് മുന്നിൽ വെക്കുകയാണ്. അയൽവാസിയുടെ മകനേക്കാൾ കൂടുതൽ മാർക്ക് വേണം, അങ്ങനെയുള്ള സമ്മർദ്ദം എല്ലാ കുട്ടികൾക്കും ഉണ്ട്. കുട്ടികൾക്ക് ഈ ടെൻഷൻ കാരണം ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലാകെ ഇതാണ് സ്ഥിതി. രാജസ്ഥാനിലെ കോട്ടയിൽ കുട്ടികളുടെ ആത്മഹത്യ കൂടിവരികയാണ്. അവിടെ 2015 ൽ അഞ്ച് പേർ ആത്മഹത്യ ചെയ്തു. 2022 ൽ 12 കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയായി. ഇങ്ങനെ കുട്ടികളെ സമ്മർദ്ദത്തിലാക്കരുത്. എല്ലാ കുട്ടികൾക്കും പരീക്ഷയിൽ പാസാവാനുള്ള കഴിവുണ്ടാവില്ല. അക്കാര്യം തിരിച്ചറിയണം. മറ്റ് മേഖലകളിലെ കുട്ടികളുടെ കഴിവ് വികസിപ്പിക്കാൻ കുട്ടികൾക്ക് അവസരം കൊടുക്കുന്നില്ല. പരീക്ഷയെഴുതുന്ന മെഷീനുകളല്ല കുട്ടികൾ. അവരെ നല്ല മനുഷ്യരാക്കണം. ആ കാര്യം മറക്കുന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam