
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. ദില്ലിയിൽ 'റായ്സിന ഡയലോഗിൽ' സംസാരിക്കുകയായിരുന്നു തരൂർ. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിര്‍ത്താൻ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താൻ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു.
രണ്ടു രാജ്യങ്ങളുമായും സംസാരിക്കാനുള്ളയിടം മോദിക്ക് ഇന്നുണ്ടെന്നും തരൂർ പറഞ്ഞു. തരൂരിന്‍റെ പ്രശംസ ബിജെപിയും ഏറ്റെടുത്തു.തരൂരിൻറെ നിലപാട് സാമൂഹ്യമാധ്യമങ്ങളിൽ ബിജെപി പ്രചരണായുധമാക്കി. തരൂരിനെ ടാഗ് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എക്സിൽ അഭിനന്ദന കുറിപ്പുമിട്ടു.റഷ്യ-യുക്രെയ്ൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്‍റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു. മറ്റു കോണ്‍ഗ്രസുകാരിൽ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂര്‍ കാണുന്നത് സ്വാഗതാര്‍ഹമാണെന്നും കെ സുരേന്ദ്രൻ കുറിച്ചു.
നേരത്തെയും നരേന്ദ്ര മോദിയെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്‍റ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ പിന്തുണച്ചും നേരത്തെ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞത് വെറുതെയാവില്ലെന്നും ശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു തരൂര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. അനധികൃത കുടിയേറ്റക്കാരുടെ കാലിൽ ചങ്ങലയുമിട്ട് അയക്കുന്നത് ശരിയല്ലെന്ന് മോദി കൂടിക്കാഴ്ചയിൽ പറഞ്ഞിട്ടുണ്ടാകുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam