ആഗ്രഹമുണ്ടായിരുന്നു; പക്ഷേ! പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ കാരണം തുറന്നുപറഞ്ഞ് ശശി തരൂർ

By Web TeamFirst Published Apr 9, 2022, 7:19 PM IST
Highlights

പാ‍ർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന്‍റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്നും ശശി തരൂർ

ദില്ലി: സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ (CPM Seminar) പങ്കെടുക്കാൻ ആഗ്രമുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് വ്യക്തമാക്കിയ തരൂർ, സോണിയ ഗാന്ധി നിർദ്ദേശിച്ചത് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും വെളിപ്പെടുത്തി. പാ‍ർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന്‍റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.

'സെമിനാറിൽ പങ്കെടുത്തത് ശരിയായ തീരുമാനം'; ഉപദേശിച്ചത് പിണറായി: കെ വി തോമസ്

വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പിണറായി വിജയനെ പുകഴ്ത്തിയും കോൺഗ്രസിനെ തിരുത്തിയുമായിരുന്നു പ്രസംഗിച്ചത്. ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെ വി തോമസ് പ്രസംഗം ആരംഭിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണ്. താനിപ്പോഴും കോൺഗ്രസുകാരനാണെന്നും സെമിനാറിൽ പങ്കെടുത്തതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉചിതമായ തീരുമാനം എടുക്കാന്‍ ഉപദേശിച്ചത് പിണറായി വിജയനാണ്. വന്നത് കോണ്‍ഗ്രസിന് കരുത്തായെന്ന് സഹപ്രവര്‍ത്തകര്‍ക്ക് മനസിലാകും. രാഹുല്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ തള്ളിപ്പറയരുതെന്നും കെ വി തോമസ് പറ‍ഞ്ഞു. പിണറായി വിജയനെ പ്രശംസിച്ചും കെ വി തോമസ് സംസാരിച്ചു. പിണറായി കേരളത്തിന്‍റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയെന്നതില്‍ തനിക്ക് അനുഭവമുണ്ട്. വൈപ്പിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വില്‍പവര്‍ കൊണ്ടാണ്. കൊവിഡിനെ ഏറ്റവും നന്നായി നേരിട്ടത് കേരളമാണ്. കൊവിഡിലെ കേന്ദ്രസമീപനം നമ്മള്‍ കണ്ടതാണെന്നും കെ വി തോമസ് പറഞ്ഞു. കെ റെയിലിനെ അനുകൂലിച്ചും കെ വി തോമസ് സംസാരിച്ചു. സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം. കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടത്. പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും തോമസ് പറഞ്ഞു.

'പിണറായി വഴികാട്ടി,കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്‍റെ പേര് തന്നെ തെളിവ്'; ആവേശമായി സ്റ്റാലിന്‍

കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മതേതരത്വത്തിന്‍റെ മുഖാണ് അദ്ദേഹം. ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു. 'സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്.  ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്‍റെ പേര് തന്നെ തെളിവെന്നും' സ്റ്റാലിന്‍ പറഞ്ഞു. സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവും സ്റ്റാലിന്‍ നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്‍റേതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

click me!