
പത്തനംതിട്ട : ശശി തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടില്ല. സാമൂഹിക സംഘടനയായ ബോധി ഗ്രാമിന്റെ പരിപാടിയിലാണ് തരൂർ പങ്കെടുക്കുന്നത്. നാളെയാണ് അടൂരിൽ പരിപാടി നടക്കുന്നത്. കെപിസിസി പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷൻ ജെ എസ് അടൂരിന്റെ സംഘടന ആണ് ബോധിഗ്രാം. പരിപാടിയുടെ സംഘാടകർ ക്ഷണിച്ചിട്ടുണ്ടങ്കിലും ഡിസിസി പ്രസിഡന്റ് പങ്കെടുക്കില്ല. നേതാക്കൾക്ക് പങ്കെടുക്കാൻ വിലക്കില്ലെന്നും ഡിസിസി പറഞ്ഞു. ജില്ലാ നേതൃത്വത്തെ അറിയിക്കാതെ ഉള്ള തരൂരിന്റെ സന്ദർശനത്തിൽ ഐ ഗ്രൂപ്പിന് എതിർപ്പുണ്ടെങ്കിലും നിലപാട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. എന്നാൽ ബോധിഗ്രാം രാഷ്ട്രീയ സംഘടന അല്ല എന്നാണ് സംഘാടകരുടെ വിശദീകരണം.
അതേസമയം തരൂർ ഉദ്ഘാടനം ചെയ്യുന്ന കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. ശശി തരൂർ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ല. ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്ന നിലപാടിലാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. താരിഖ് അൻവറിന്റെയും അച്ചടക്ക സമിതിയുടെയും നിർദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് നാട്ടകം സുരേഷ് വിശദീകരിച്ചു. ശശി തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകും. ഇതുമായി ബന്ധപ്പെട്ട് നാട്ടകം സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയാണ്.
Read More : അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ നടപടി മരവിപ്പിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam