Asianet News MalayalamAsianet News Malayalam

അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ നടപടി മരവിപ്പിച്ചു

ഷാജിയെ കെപിസിസി അംഗമാക്കിയതിനെതിരെ നേരത്തെ പൊന്നാനി കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു

Shaji Kaliyath KPCC membership frozen
Author
First Published Dec 3, 2022, 9:01 AM IST

മലപ്പുറം: മലപ്പുറത്ത്‌ നിന്നുള്ള ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം കോൺഗ്രസ്‌ മരവിപ്പിച്ചു. ജില്ലയിൽ നിന്നും ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ട ഒരേയൊരു ഭാരവാഹിയായിരുന്നു ഷാജി. ശശി തരൂരിന്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും സജീവമായിരുന്നു ഷാജി. ഷാജിയെ കെപിസിസി അംഗമാക്കിയതിനെതിരെ നേരത്തെ പൊന്നാനി കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് ഇപ്പോൾ നടപടിയെന്നാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം.

മുമ്പ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  വിമത സ്ഥാനാര്‍ത്ഥിയായി ഷാജി മത്സരിച്ചിരുന്നുവെന്നാണ് ഡിസിസി പറയുന്നത്. പിന്നീട് ഇദ്ദേഹത്തെ കെപിസിസി അംഗമാക്കിയതിൽ പ്രാദേശിക തലത്തിൽ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഇതി പരിശോധിക്കാൻ ഡിസിസി സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ നിർദ്ദേശപ്രകാരമാണ് അംഗത്വം മരവിപ്പിച്ചതെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.

അതേസമയം ശശി തരൂർ ഇന്ന് കോട്ടയം സന്ദർശിക്കും. യൂത്ത് കോൺഗ്രസിന്റെ മഹാ സമ്മേളനത്തിൽ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് ആവർത്തിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്ത് വന്നു. ഇന്ന് ജില്ലയിൽ സന്ദർശനം നടത്തുന്ന കാര്യം ശശി തരൂരും അറിയിച്ചില്ല. ശശി തരൂരിന്റെ ഓഫീസിൽ നിന്നെന്ന് പറഞ്ഞു വന്ന ഫോൺ കോൾ ഒന്നും പറയാതെ കട്ട് ചെയ്തു. സംഘടനാ കീഴ്‌വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന പരിപാടിയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും വിട്ടുനിൽക്കും. യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനും ഡിസിസി പ്രസിഡന്റും പങ്കെടുക്കില്ലെന്ന് വ്യക്തമായി. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്ന് നാട്ടകം സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷമുള്ള തിരുവഞ്ചൂരിന്റെ പിന്മാറ്റം.

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് തിരുവനന്തപുരം എം പിയായ ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ്  മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ , കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും തരൂർ കാണുന്നുണ്ട്.  തരൂരും വിഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തുടരുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ തട്ടകത്തിൽ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കുന്നത്.

Follow Us:
Download App:
  • android
  • ios