
വയനാട്: ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കകത്ത് പറയണം എന്ന് ശശി തരൂർ എംപി. ആരോഗ്യകരമായ വിമർശനം ഉള്ളിൽ ഉന്നയിച്ച് പുറത്ത് ഒറ്റക്കെട്ടായി നിൽക്കണം എന്ന് തരൂർ വയനാട്ടിലെ നേതൃ ക്യാമ്പിൽ പറഞ്ഞു. അടുത്ത കാലത്തായി പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി പാർട്ടിയെ പ്രതിരോധത്തിലാക്കിയ തരൂർ തന്നെയാണ് ഈ അഭിപ്രായം പറഞ്ഞതാണ് എന്നതാണ് കൌതുകം. അതേസമയം ജനം പരിഹസിച്ചു ചിരിക്കുന്ന അവസ്ഥ നേതാക്കൾ ഉണ്ടാക്കരുത് എന്ന് പിന്നാലെ സംസാരിച്ച മുരളീധരൻ യോഗത്തിൽ പറഞ്ഞു. ആരെടെയും പേര് പറയാതെയായിരുന്നു മുരളീധരന്‍റെ പരാമർശം.
സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ലക്ഷ്യ 2026 എന്ന നേതൃക്യാമ്പിൽ 100 സീറ്റെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മുന്നിൽ വയ്ക്കുന്നത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ നയരേഖ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിക്കും. അതിനിടെ വ്യക്തിപരമായ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചാ വേദിയിൽ പറയരുതെന്ന നിർദേശമുണ്ടായിട്ടും ദീപ്തി മേരി വർഗീസ് കൊച്ചി കോർപ്പറേഷൻ മേയർ വിവാദം യോഗത്തിൽ ഉന്നയിച്ചു. മേയറെ തിരഞ്ഞെടുത്ത രീതിയെയാണ് യോഗത്തിൽ വിമർശിച്ചത്.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റുകളിൽ വിജയം ഉറപ്പെന്ന് മേഖല തിരിച്ചുള്ള ചർച്ചയിൽ നേതാക്കൾ അവകാശവാദം ഉന്നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയ ഘടകങ്ങളും പരാജയപ്പെട്ട ഇടങ്ങളിലെ ന്യൂനതകളും മേഖല തിരിച്ചുള്ള ഗ്രൂപ്പ് യോഗങ്ങളിൽ പരിശോധിച്ചു. മധ്യകേരളത്തിലെ ജില്ലകളിൽ നിന്ന് ഏറ്റവും കൂടുതൽ സീറ്റുകൾ നേടാമെന്നും യോഗം വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ കണക്ക് വെച്ച് 85 സീറ്റുകളിൽ നിലവിൽ ജയിക്കാമെന്നാണ് കോൺഗ്രസിന്‍റെ ആത്മവിശ്വാസം. അതെ സമയം ബിജെപിയുടെ മുന്നേറ്റത്തിൽ ശ്രദ്ധവേണമെന്നായിരുന്നു തെക്കൻ മേഖല യോഗത്തിലെ പൊതു അഭിപ്രായം.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള മിഷൻ 2026 ഇന്ന് വി ഡി സതീശൻ യോഗത്തിൽ അവതരിപ്പിക്കും. ഫെബ്രുവരി ആദ്യ വാരം തന്നെ 70 സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുകയാണ് പ്രഥമ ലക്ഷ്യം. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയിൽ സ്ഥാനാർത്ഥികളെ വോട്ടർമാർക്ക് പരിചയപ്പെടുത്തും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ, ഈ മാസം 15 നുള്ളിൽ പൂർത്തിയാക്കണം എന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് മിഷൻ 2026ൽ ഉള്ളത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലു ബത്തേരി ക്യാമ്പിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam