'കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കള്‍', ആരെയും ചവിട്ടി താഴ്ത്തിയല്ല മുന്നോട്ട് വന്നതെന്ന് ശശി തരൂര്‍

By Web TeamFirst Published Oct 5, 2022, 12:47 PM IST
Highlights

ആരെയും ചവിട്ടി താഴ്ത്തിയല്ല മുന്നോട്ട് വന്നതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

തിരുവനന്തപുരം: തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് ശശി തരൂര്‍. മറ്റൊരാളെ ചവിട്ടി താഴ്ത്തി നേടുന്ന വിജയം വിജയമല്ല. മറ്റൊരാൾക്ക് വിഷം കൊടുത്തോ ചവിട്ടി താഴ്ത്തിയോ വളർന്ന നേതാവല്ല താനെന്നും തരൂർ ഓർമിപ്പിച്ചു. കെ സി വേണുഗോപാൽ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എതിരാളിയായ മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായി എതിർപ്പില്ലെന്നും ശശി തരൂർ വ്യക്തമാക്കി. ഖാർഗെയോട് ബഹുമാനം. അദ്ദേഹവുമായി അടുത്ത ബന്ധമാണുള്ളത്. വ്യക്തിപരമായി അദ്ദേഹത്തിനെതിരെ ഒന്നുമില്ല. എന്നാൽ പാർട്ടിയുടെ വളർച്ചയിൽ അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വത്തിന്‍റെ ആവശ്യമെന്താണ്. ഇപ്പോൾ തന്നെ അദ്ദേഹം പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. അദ്ദേഹത്തിന് പാർട്ടിയിൽ ഇനി എന്ത് മാറ്റമാണ് കൊണ്ടുവരാൻ കഴിയുക. താൻ ജനത്തിന്‍റെ അസ്വസ്ഥത മനസിലാക്കിയാണ് സ്ഥാനാർത്ഥിത്വവുമായി മുന്നോട്ട് പോകുന്നത്. എന്നാല്‍ എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും തരൂര്‍ വിശദീകരിച്ചു.

ഗാന്ധി കുടുംബം നിഷ്പക്ഷമായിരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് വാക്ക് നൽകിയതാണ്. അതിനെ അവിശ്വസിക്കേണ്ട ആവശ്യമില്ല. ഈ മത്സരം വന്ന ശേഷം 10 വർഷക്കാലമായി പാർട്ടിക്ക് കിട്ടാത്ത ശ്രദ്ധ ഇപ്പോൾ കിട്ടുന്നുണ്ട്. പാർട്ടിയുടെ ഭാവിക്ക് വേണ്ടിയാണ് വോട്ട്. താൻ പ്രസിഡന്‍റായാല്‍ കോൺഗ്രസ് പാർട്ടി സംവിധാനം വികേന്ദ്രീകരിക്കും. ബൂത്ത് തലം മുതൽ പാർട്ടിയെ പുനസംഘടിപ്പിക്കും. പിസിസി അധ്യക്ഷന്മാർക്ക് പൂർണ അധികാരം നൽകും. ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തിൽ പിസിസി അധ്യക്ഷന് അധികാരം നൽകും. മുഖ്യമന്ത്രിയെ നിയമിക്കുന്നത് എംഎൽഎമാരായിരിക്കും. പിസിസി പ്രസിഡന്‍റിന്‍റെ തീരുമാനമായിരിക്കില്ല. എന്നാൽ പിസിസി അധ്യക്ഷന് ഒരു വീറ്റോ അധികാരമുണ്ടാകും. പാർട്ടിയെ നന്നാക്കാൻ അസന്തുഷ്ടരായവരുടെ എണ്ണം കുറയ്ക്കണം. അവരെ കൂടി കേൾക്കാൻ അവസരമുണ്ടാക്കണമെന്നും തരൂര്‍ പറഞ്ഞു.

click me!