Asianet News MalayalamAsianet News Malayalam

പാർട്ടി തനിക്ക് ഒന്നും സംഭാവനയായി നൽകിയിട്ടില്ല, ഖാർഗെയോട് വ്യക്തിപരമായി എതിർപ്പില്ല: തരൂർ

ഗാന്ധി കുടുംബം നിഷ്പക്ഷമായിരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെന്ന് ശശി തരൂർ പറഞ്ഞു. അവരെനിക്ക് കണ്ണിൽ നോക്കി ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് വാക്ക് നൽകിയതാണ്. അതിനെ അവിശ്വസിക്കേണ്ട ആവശ്യമില്ല

Shashi Tharoor exclusive interview on Congress President Election
Author
First Published Oct 5, 2022, 12:21 PM IST

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായ മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായി എതിർപ്പില്ലെന്ന് ശശി തരൂർ. പാർട്ടി തനിക്കൊന്നും സംഭാവനയായി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനോട് അഭിമുഖത്തിൽ മറുപടി പറഞ്ഞു.

വോട്ട് ചെയ്യുന്ന ആളുകളുടെ കണക്ക് 100 ശതമാനം കൃത്യമായി പറയാൻ കഴിയില്ലെന്ന് ശശി തരൂർ. 9200 ഓളം പേരാണ് വോട്ടർമാരായി ഉള്ളത്. ഓരോ പിസിസികളും നൽകുന്ന കണക്കാണിതെന്നും വലിയ വ്യത്യാസം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ ദൂരം യാത്ര ചെയ്ത് വേണം പല വോട്ടർമാർക്കും പോളിങ് കേന്ദ്രത്തിലെത്താൻ. അതിനാൽ മുഴുവൻ വോട്ടും പോൾ ചെയ്യപ്പെടുമെന്ന് കരുതാനാവില്ല. ഓരോ വോട്ടർമാർക്കും ഒരു സീരിയൽ നമ്പർ ഉള്ള കാർഡുണ്ട്. അതിൽ ഫോട്ടോ പതിപ്പിച്ചിട്ടില്ല. ബാലറ്റ് പേപ്പർ നോക്കിയാൽ ആരുടെ വോട്ടാണെന്ന് കണ്ടെത്താനാവില്ല. വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കിയിട്ടുണ്ട്.

പാർട്ടിയിൽ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്നവർ പാർട്ടിക്കകത്തുണ്ട്. പിസിസികൾ പരസ്യ പിന്തുണ അറിയിക്കുന്നുണ്ട്. ഖാർഗെയ്ക്ക് വോട്ട് ചെയ്യാൻ ചില പിസിസികൾ ആവശ്യപ്പെടുന്നത് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം മധുസൂദൻ മിസ്ത്രിയെ അറിയിച്ചു.

പാർട്ടിക്കകത്ത് മാറ്റം വരുമെന്ന് ജനത്തിന് തോന്നിയാലേ പാർട്ടി ശക്തിപ്പെടൂ. നാളെയെക്കുറിച്ച് ചിന്തിച്ചേ പറ്റൂ. 135 വർഷത്തെ ചരിത്രമുള്ള പാർട്ടിയാണ്. എന്നാൽ ജനം പാർട്ടിയിലേക്ക് വരണം എന്നുണ്ടെങ്കിൽ പാർട്ടിയിൽ മാറ്റം വന്നാലേ പറ്റൂ.

താൻ ജനിച്ചത് ഇടത്തരം കുടുംബത്തിലാണ്. എലീറ്റ് ക്ലാസിലല്ല. അച്ഛൻ എട്ട് മക്കളിലൊരാളാണ്. അദ്ദേഹത്തിന്റെ മൂത്ത ജേഷ്ഠൻ ബോംബെയിൽ പോയി ജോലി ചെയ്താണ് അച്ഛനെ പഠിപ്പിച്ചത്. എന്നിട്ടാണ് അച്ഛൻ ഇംഗ്ലണ്ടിൽ പോയത്. ഞാൻ പഠിച്ച് പരീക്ഷയെഴുതി  പാസായി. സ്കോളർഷിപ്പോടെയാണ് അമേരിക്കയിൽ പോയത്. കഠിനാധ്വാനത്തിലൂടെയാണ് ഞാനീ നേട്ടങ്ങൾ നേടിയത്. നമ്മുടെ സ്ഥിതിയെ നന്നാക്കാനാവുക പഠിപ്പും കഠിനാധ്വാനവും കൊണ്ട് മാത്രമായിരിക്കും. യുഎന്നിൽ തനിക്ക് ജോലി തന്നത് അച്ഛനും മുത്തച്ഛനുമല്ല. എന്റെ പേര് കണ്ടാണ് കോൺഗ്രസ് പാർട്ടി സ്ഥാനം തന്നതെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരത്ത് താൻ ജയിച്ചത് ഗ്രാമപ്രദേശങ്ങളിൽ നിന്ന് വോട്ട് നേടിയാണ്. ഖാർഗെയെ താൻ ബഹുമാനിക്കുന്നു. അദ്ദേഹവുമായി അടുത്ത ബന്ധമാണ്. വ്യക്തിപരമായി അദ്ദേഹത്തിനെതിരെ ഒന്നുമില്ല. എന്നാൽ പാർട്ടിയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ആവശ്യമെന്താണ്. ഇപ്പോൾ തന്നെ അദ്ദേഹം പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. അദ്ദേഹത്തിന് പാർട്ടിയിൽ ഇനി എന്ത് മാറ്റമാണ് കൊണ്ടുവരാൻ കഴിയുക. താൻ ജനത്തിന്റെ അസ്വസ്ഥത മനസിലാക്കിയാണ് സ്ഥാനാർത്ഥിത്വവുമായി മുന്നോട്ട് പോകുന്നത്.

ഗാന്ധി കുടുംബം നിഷ്പക്ഷമായിരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെന്ന് ശശി തരൂർ പറഞ്ഞു. അവരെനിക്ക് കണ്ണിൽ നോക്കി ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് വാക്ക് നൽകിയതാണ്. അതിനെ അവിശ്വസിക്കേണ്ട ആവശ്യമില്ല. ഈ മത്സരം വന്ന ശേഷം പത്ത് വർഷക്കാലമായി പാർട്ടിക്ക് കിട്ടാത്ത ശ്രദ്ധ ഇപ്പോൾ കിട്ടുന്നുണ്ടെന്നും തരൂർ പറഞ്ഞു. പാർട്ടിയുടെ ഭാവിക്ക് വേണ്ടിയാണ് വോട്ട്. മാറ്റം വേണമെന്ന് തോന്നുന്നെങ്കിൽ അത് ചെയ്യൂ. 

താൻ പാർട്ടിയിൽ ആരോടും എതിർത്ത് സംസാരിച്ചിട്ടില്ല. എന്നാൽ കേരളത്തിൽ നിന്നുള്ള നേതാക്കളാണ് തനിക്കെതിരെ കൂടുതലായി സംസാരിക്കുന്നത്. ഞാൻ ആരെയും താഴ്ത്താൻ ശ്രമിച്ചിട്ടില്ല. വേറാരെയും വിഷം കൊടുത്തിട്ടല്ല താൻ മുന്നിലെത്തിയത്. പല ഇന്ത്യൻ എഴുത്തുകാരെയും നല്ല റിവ്യൂ എഴുതി താൻ പലരെയും പ്രശസ്തരാക്കിയിട്ടുണ്ട്. അസൂയ ചെറിയ മനുഷ്യന്റെ മനസിലാണ്. മറ്റൊരാളെ ഇകഴ്ത്തിയിട്ട് നേടുന്ന നേട്ടത്തിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ പ്രസിഡന്റായാൽ കോൺഗ്രസ് പാർട്ടി സംവിധാനം വികേന്ദ്രീകരിക്കും. ബൂത്ത് തലം മുതൽ പാർട്ടിയെ പുനസംഘടിപ്പിക്കും. പിസിസി അധ്യക്ഷന്മാർക്ക് പൂർണ അധികാരം നൽകും. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ പിസിസി അധ്യക്ഷന്മാരുടെ നിയമനത്തിൽ പിസിസി അധ്യക്ഷന് അധികാരം നൽകും. മുഖ്യമന്ത്രിയെ നിയമിക്കുന്നത് എംഎൽഎമാരായിരിക്കും. പിസിസി പ്രസിഡന്റിന്റെ തീരുമാനമായിരിക്കില്ല. എന്നാൽ പിസിസി അധ്യക്ഷന് ഒരു വീറ്റോ അധികാരമുണ്ടാകും. പാർട്ടിയെ നന്നാക്കാൻ അസന്തുഷ്ടരായവരുടെ എണ്ണം കുറയ്ക്കണം. അവരെ കൂടി കേൾക്കാൻ അവസരമുണ്ടാക്കണം.

പല തീരുമാനങ്ങളും എങ്ങിനെയാണ് എടുത്തത്, ആരോട് സംസാരിച്ചിട്ടാണ് എന്നൊന്നും ഇപ്പോൾ ഒരു പിടിത്തവുമില്ല. ഒരു പ്രസിഡന്റ് ഉണ്ടാവുമ്പോൾ തീരുമാനമെടുക്കാം. എന്നാൽ ആരോടെങ്കിലും ചോദിച്ചിട്ടോ അഭിപ്രായം തേടിയിട്ടോ വേണം. താൻ പ്രസിഡന്റായാൽ കൃത്യമായി എംപിമാരുടെ യോഗം വിളിക്കും. ഒരുമിച്ച് കൂടി യോഗത്തിലൂടെ തീരുമാനമെടുത്താൽ അത് എല്ലാവർക്കും അവകാശം ഉറപ്പ് നൽകുന്നതായിരിക്കും. അങ്ങിനെ പ്രവർത്തിച്ചാൽ ഈ പാർട്ടി മാത്രമല്ല ഏത് പാർട്ടിയും നന്നാകും.

ഗാന്ധി കുടുംബത്തിന് പാർട്ടിയിൽ പ്രധാനപ്പെട്ട സ്ഥാനമാണ്. ഗാന്ധി കുടുംബത്തെ ഉപേക്ഷിക്കാനാവില്ല. അവർ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും പ്രിയപ്പെട്ടവരാണ്. അവരുടെ അഭിപ്രായം കൂടി തേടും. എന്നാൽ ഇരട്ട അധികാര കേന്ദ്രമാകില്ല. താൻ കെപിസിസിയിൽ പോയപ്പോൾ കെ സുധാകരനെ കാണാനായില്ല. അദ്ദേഹത്തോട് സംസാരിക്കാൻ തനിക്ക് ബുദ്ധിമുട്ടില്ല. ചിലർ തനിക്ക് വേണ്ടി തുറന്ന് സംസാരിക്കാൻ തയ്യാറായി. നേരത്തെ തുറന്ന് സംസാരിക്കില്ലെന്ന് പറഞ്ഞവർ വരെ നിലപാടെടുത്തു. അതിലെനിക്ക് നന്ദിയും സന്തോഷവുമുണ്ട്. എല്ലാവരുടെയും തീരുമാനത്തെ ഞാൻ അംഗീകരിക്കുന്നു. 

നിലവിൽ ഒരു സ്ഥാനമുള്ളവർ ആ സ്ഥാനത്തിൽ മാറ്റം വരാൻ ആഗ്രഹിക്കില്ല. എന്നാൽ മറ്റുള്ളവർ അങ്ങിനെയാകില്ല. മാറ്റം വേണം എന്ന മനസുള്ളവരെയാണ് തനിക്ക് വേണ്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടാൽ, നല്ല വോട്ട് കിട്ടിയിട്ടാണെങ്കിൽ അത് പാർട്ടിയിൽ നല്ല സന്ദേശം നൽകും. എനിക്ക് കുറച്ച് വോട്ടേ കിട്ടൂവെന്നാണ് പലരും പറയുന്നത്. ഖാർഗെയോ താനോ ജയിച്ചാൽ ആവശ്യമുള്ളത് പാർട്ടിയുടെ വിജയമാണ്. 

കോൺഗ്രസിനെ ചതിക്കാനോ കോൺഗ്രസ് വിടാനോ തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിൽ മുൻപേ അതിന് അവസരമുണ്ടായിരുന്നു. തന്നെ വിളിച്ച് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് സോണിയാ ഗാന്ധിയാണ്. ഒരു മന്ത്രിസ്ഥാനത്തിന് വേണ്ടിയാണ് താൻ പാർട്ടിയിലേക്ക് വന്നതെന്ന് പറഞ്ഞാൽ തെറ്റാണ്. ബിജെപിയുടെ ഹിന്ദുത്വമല്ല ഹിന്ദുത്വമെന്ന് താൻ പുസ്തകം എഴുതിയത് വരെ മൃദുഹിന്ദുത്വമാക്കി മാറ്റി. ഒരു മനുഷ്യനെ മനസിലാക്കാൻ അദ്ദേഹത്തെ സമാധാനത്തോടെ കുറച്ച് നേരം കേൾക്കണം. അങ്ങിനെ ചിന്തിക്കുന്നൊരാൾക്ക് നാളെ മറ്റൊരു പാർട്ടിയിലേക്ക് ചാടാൻ കഴിയില്ല. താൻ ചിന്തിക്കുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനും 2024 ലെ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാനുമാണെന്നും തരൂർ പറഞ്ഞു.

മോദി 37 ശതമാനം വോട്ടോടെ 300 സീറ്റ് നേടി. 63 ശതമാനം വോട്ട് 40 പാർട്ടികൾ നേടി. ഒരു മഹാസഖ്യത്തിനോ സംസ്ഥാന തലത്തിൽ സഖ്യങ്ങൾക്കോ ശ്രമിക്കും. കോൺഗ്രസ് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ സംസാരം തുടങ്ങണം. ഈഗോയുടെ പ്രശ്നം തനിക്കില്ല. പുതുമുഖമായതിന്റെ ഗുണമുണ്ട്. ഇടത് കക്ഷികളോടോ തൃണമൂലിനോടോ ശരദ് പവാറിനോടോ ഒന്നും തനിക്കൊരു പ്രയാസവുമില്ല. എന്റെ പാർട്ടിയുടെ നിലപാടിൽ ഉറച്ച് നിന്നുകൊണ്ട് സംസാരിക്കും. റിസൾട്ടിന് വേണ്ടിയായിരിക്കും ഇടപെടുകയെന്നും ശശി തരൂർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios