
തൃശൂർ: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോൺ ജോർജ് പറഞ്ഞു. പുതുതായി തെളിവ് ശേഖരിക്കണം എന്നു കരുതുന്നില്ല. കുഴൽ നാടന്റെ കേസും തന്റെ കേസും രണ്ടാണ്. നടന്ന ക്രിമിനൽ കുറ്റത്തിന് ഇമ്യൂണിറ്റി ഇല്ല. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇൻ വോയിസ് വ്യാജമാണെന്നും ഷോൺ ജോർജ് പറഞ്ഞു.
നൽകാത്ത സേവനത്തിനാണ് ഇൻ വോയിസ്. ജിഎസ്ടി തട്ടിപ്പും നടത്തി. സംസ്ഥാന സർക്കാരിനും വേണമെങ്കിൽ കേസെടുക്കാം. വീണ ഇടനിലക്കാരിയാണെന്നും പ്രതി പിണറായി ആണെന്നും ഷോൺ ജോർജ് പറഞ്ഞു. പണം നൽകിയത് സ്വജന പക്ഷപാതിത്വത്തിന് വേണ്ടിയാണെന്നും ഷോൺ പ്രതികരിച്ചു.
സിഎംആർഎൽ സമർപ്പിച്ച അപ്പീൽ തള്ളിയ ഹൈക്കോടതി മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാനാണ് ഉത്തരവിട്ടത്. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്ലിൻ്റെ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും ആണ് കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് സിഎംആർഎൽ ഹർജിയിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam