പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച നാല് കൗൺസിലർമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കാനുള്ള നിയമനടപടികളുമായി പാർട്ടി മുന്നോട്ട് പോകുകയാണ്.
കോട്ടയം: പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമ നടപടി കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിന്റെ സാധ്യത തേടി കൗൺസിലർമാരെ അയോഗ്യരാക്കാനുള്ള നടപടികൾ എടുക്കും. പാർട്ടി വിപ്പ് ലംഘിച്ചത് കടുത്ത അച്ചടക്ക നടപടി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിപ്പ് ലംഘിച്ച കൗൺസിലർമാരായ ബിജു മാത്യൂസ്, ലിസി കുട്ടി മാത്യൂസ്, രജിത പ്രകാശ്, ടോണി തൈപ്പറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
പാലാ നഗരസഭയിൽ ആകെ 26 കൗൺസിലർമാരാണ് ഉള്ളത്. പ്രതിപക്ഷത്തുള്ളത് 12 പേര് മാത്രം. ഇന്നലെ അവിശ്വാസം ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷത്തിന് പുറമെ 5 ഭരണപക്ഷ അംഗങ്ങളും ഹാജരായി. കോൺഗ്രസിന്റെ കൗൺസിലർമാരായ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് ലിസി കുട്ടി മാത്യൂസ് എന്നിവരും നിലവിലെ വൈസ് ചെയർപേഴ്സണായ സ്വതന്ത്ര അംഗമായ രാഹുലുമാണ് ഇന്നലെ കൗൺസിൽ യോഗത്തിൽ എത്തിയത്. പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ അവതരിപ്പിച്ച അവിശ്വസ പ്രമേയത്തെ 17 പേരും അനുകൂലിച്ചു വോട്ട് ചെയ്തു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന് ഡിസിസി പ്രസിഡന്റ് കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് നാലുപേർ എത്തിയത്. എന്നാൽ വിപ്പ് കിട്ടിയിട്ടില്ലെന്നാണ് കോൺഗ്രസ് കൗൺസിലർമാരുടെ പ്രതികരണം.
പാലായിലെ രാഷ്ട്രീയ നാടകത്തിന് തിരശീല
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കകണ്ടം അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത്. കോൺഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ജനാധിപത്യത്തിന്റെ വിധി അംഗീകരിക്കുന്നു എന്നാണ് ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന്റെ പ്രതികരണം.

