
തിരുവനന്തപുരം : കൊട്ടാരക്കര ആശുപത്രിയിലെ ഹൗസ് സര്‍ജൻ ഡോ. വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പ് മന്ത്രിക്ക് ആരോഗ്യ വകുപ്പിൽ എന്ത് എക്സ്പീരിയൻസാണുള്ളതെന്നും സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലാത്ത ആരോഗ്യ വകുപ്പ് മന്ത്രി കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രി മെലോ ഡ്രാമ കളിച്ചിട്ട് കാര്യമില്ല. മരിച്ച കുട്ടിയെ അപമാനിക്കാൻ ആണ് മന്ത്രി ശ്രമിച്ചത്. സർക്കാരിന്റെ പരാജയമാണ് കണ്ടത്. ആരോഗ്യമന്ത്രിയെ ഓർത്ത് തല കുനിച്ച് പോകുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സംസ്ഥാന സർക്കാരിന് മാറിനിൽക്കാൻ കഴിയില്ല. ആരോഗ്യപ്രവര്‍ത്തകരുടെ പ്രശ്നങ്ങൾ പരിഗണിക്കണം. സംസ്ഥാനത്ത് പല ആശുപത്രികളിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ആരോഗ്യവകുപ്പിൽ ആവശ്യമായ ജീവനക്കാരില്ല. സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താൻ സർക്കാര്‍ തയ്യാറാകണം. ആവശ്യമെങ്കിൽ പുതിയ തസ്തികൾ സൃഷ്ടിച്ച കൂടുതൽ പൊലീസിനെ ആശുപത്രികളിൽ നിയോഗിക്കണം. കൊലക്കേസിൽ പ്രതിയായ അധ്യാപകനെ സർവീസിൽ നിന്ന് നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഡോ വന്ദനദാസിന്റെ കൊലപാതകം; പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ, പൊലീസ് സേനയ്ക്ക് നാണക്കേടെന്ന് വിഡി സതീശൻ
അതേ സമയം, ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി. കേരളത്തിന്റെ പൊലീസ് സേനയ്ക്ക് നാണക്കേടായ സംഭവമാണ് ഉണ്ടായത്. ഡിജിപി ഒന്ന് പറയുന്നു, ദൃക്സാക്ഷികൾ മറ്റൊന്നു പറയുന്നു. എന്നാൽ എഫ്ഐആറിൽ മറ്റൊന്ന് എഴുതുന്നു. എവിടെയാണ് പൊലീസ് ഉണ്ടായിരുന്നത്. ഹോം ഗാർഡിന് വരെ കുത്തേറ്റു. ഒരു സംരക്ഷണവും ജീവനക്കാർക്ക് നൽകാൻ കഴിഞ്ഞില്ല. മാത്രമല്ല, വാതിലടിച്ച് കേറി രക്ഷിപ്പെട്ടതിൽ പൊലീസും ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിൽ മൊത്തമായും കേരളത്തിലെ പൊലീസിന് നാണക്കേടുള്ള കാര്യങ്ങളാണെന്നും സതീശൻ കൊല്ലത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam