ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; ലിവിയ ജോസിനെയും നാരായണദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും, ഹൈക്കോടതി ഉത്തരവിറക്കി

Published : Jun 30, 2025, 06:02 PM IST
sheela sunny case accused livia

Synopsis

പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ചോദ്യം ചെയ്യാൻ ഒരുമിച്ച് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവ്.

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തില്‍ പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യും. പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ചോദ്യം ചെയ്യാൻ ഒരുമിച്ച് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവ്. 

നേരത്തെ ലിവിയയെ കസ്റ്റഡിയിൽ വിട്ടുകൊടുത്തെങ്കിലും നാരായണദാസിനെ വിട്ടുകൊടുക്കാൻ കീഴ്ക്കോടതി അനുവാദം നൽകിയിരുന്നില്ല. നാരായണ ദാസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കീഴ്ക്കോടതി അനുമതി നിഷേധിച്ചത്. ഇതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നായിരുന്നു അനുകൂല ഉത്തരവ്. അഞ്ച് ദിവസത്തിനുള്ളിൽ കീഴ്ക്കോടതിയെ കസ്റ്റഡിക്കായി സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. തുടര്‍ന്ന് 72 ദിവസം ഷീല സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു.ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ലിവിയയിലേക്ക് എത്തുന്നത്.

കേസിലെ ഒന്നാം പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസിനെ നേരത്തെ പിടികൂടിയിരുന്നെങ്കിലും ഒളിവിലായ ലിവിയ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ലിവിയയുടെ നിര്‍ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ എല്‍ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണദാസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് ഷീല സണ്ണിയെ കുടുക്കാന്‍ കാരണമെന്നാണ് നാരായണ ദാസിന്‍റെ മൊഴി. ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം