ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കിയ കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്, മരുമകളുടെ സഹോദരിയും സുഹൃത്തും പ്രതികൾ

Published : Aug 30, 2025, 04:02 PM IST
Livia, Sheela Sunny

Synopsis

തൃശ്ശൂർ സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കാലടി സ്വദേശിനി ലിവിയ ജോസും തൃപ്പുണിത്തുറ സ്വദേശി നാരായണദാസുമാണ് കേസിലെ പ്രതികൾ.

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തൃശ്ശൂർ സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കാലടി സ്വദേശിനി ലിവിയ ജോസും തൃപ്പുണിത്തുറ സ്വദേശി നാരായണദാസുമാണ് കേസിലെ പ്രതികൾ. എക്സൈസ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.

ലിവിയ ജോസിനെയും സുഹൃത്തായ നാരായണ ദാസിനെയും ചേർന്നാണ് ബംഗളൂരുവിൽ നിന്ന് വ്യാജ ലഹരി സ്റ്റാംപ് കൈക്കലാക്കി ഷീല സണ്ണിയുടെ ബാഗിൽ വെച്ചത്. ഷീല സണ്ണി ലിവിയയെ സ്വഭാവ ദൂഷ്യം ആരോപിച്ചതിന്റെ വൈരാഗ്യമായിരുന്നു ഷീല സണ്ണി ലഹരി കേസിൽ കുടുക്കാനുള്ള കാരണം. ലഹരി സ്റ്റാംപ് വ്യാജമായതോടെ കേസ് പൊളിയുകയായിരുന്നു. 2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. തുടര്‍ന്ന് 72 ദിവസം ഷീല സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു.

ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ലിവിയയിലേക്ക് എത്തുന്നത്. ലിവിയയുടെ നിര്‍ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ എല്‍ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണ ദാസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് ഷീല സണ്ണിയെ കുടുക്കാന്‍ കാരണമെന്നാണ് നാരായണ ദാസിന്‍റെ മൊഴി. ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്.

 

PREV
Read more Articles on
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ