
തിരുവനന്തപുരം: തലസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് ഒരാൾക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അടിയന്തര പരിശോധനയിൽ പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും കട താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. കടകളിൽ തന്നെ വെള്ളം ഉപയോഗിച്ച് നിർമ്മിച്ച ജ്യൂസിലാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥീരീകരിച്ചത്. പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ കർശന നടപടികളിലേക്ക് കടന്നു.
നേരത്തെ തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. തോന്നക്കൽ പുത്തൻതോപ്പ് ചാക്ക എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥീരികരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിക്കുന്നത്. രോഗവ്യാപനം തടയാനും രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടികളാരംഭിച്ചു. വയനാടിനും കൊല്ലത്തിനും പുറമേയാണ് തലസ്ഥാന നഗരിയിലും ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ:
കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.ആഹാരത്തിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുക. പുറത്തുനിന്നുള്ള തുറന്നുവെച്ച ഭക്ഷണങ്ങളും പഴകിയ ജ്യൂസുകളും പൂർണ്ണമായും ഒഴിവാക്കുക. വിട്ടുമാറാത്ത പനി, വയറുവേദന, രക്തം കലർന്ന വയറിളക്കം എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.
രോഗം പകരുന്നത് എങ്ങനെ?
ശുദ്ധീകരിക്കാത്തതോ മലിനമായതോ ആയ വെള്ളം കുടിക്കുന്നതിലൂടെ.
തുറന്നുവെച്ചതോ, കേടായതോ, വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്തതോ ആയ ഭക്ഷണ പദാർത്ഥങ്ങൾ വഴി.
രോഗബാധിതരായ വ്യക്തികളുടെ മലമൂത്രവിസർജ്ജനത്തിന് ശേഷം കൈകൾ ശരിയായി കഴുകാതെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുമ്പോൾ.
ഈച്ചകൾ: മലത്തിൽ നിന്നും ഭക്ഷണസാധനങ്ങളിലേക്ക് ഈച്ചകൾ വഴി ബാക്ടീരിയ എത്താം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam