
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകനെ സർക്കാർ അഭിഭാഷകനാക്കിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് മുൻ മന്ത്രി പി രാജീവ്. കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യമാണിതെന്നും നടപടിയിൽ നിഗൂഢതയുണ്ടെന്നും പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിഭാഗത്തിന് വേണ്ടി വാദിച്ച ആളെ സർക്കാരിന് വേണ്ടി, പ്രത്യേകിച്ച് ദേവസ്വത്തിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് അങ്ങേയറ്റം നിഗൂഢത നിറഞ്ഞ കാര്യമാണ്. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനം. പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെയാണ്? ഈ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അവർക്ക് വേണ്ടിയാണോ ഈ നിയമനമെന്നും പി രാജീവ് ചോദിച്ചു.
ഇത്രയും ഗൗരവമായ കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നൽകുക എന്നതായിരുന്നു മുൻ സർക്കാരിൻ്റെ നിലപാട്. അന്ന് സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായിരുന്നു ഹാജരായിരുന്നത്. എന്നാൽ ഇപ്പോൾ പ്രതിക്ക് വേണ്ടി വാദിച്ച ആളെ സർക്കാർ വക്കീലാക്കി നിയമിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്നും യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള വ്യഗ്രത സർക്കാരിനുണ്ടോയെന്ന് സംശയക്കേണ്ടിയിരിക്കുന്നുവെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
സമാന വിഷയത്തിൽ സർക്കാരിനെതിരെ മുൻ മന്ത്രി കെ എൻ ബാലഗോപാലും രംഗത്തെത്തി. പുറത്തുവന്ന വാർത്തകൾ ശരിയാണെങ്കിൽ സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഇനിമുതൽ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന വിസ്മയമാണ് കേരളം കാണാൻ പോകുന്നതെന്ന് ബാലഗോപാൽ പരിഹസിച്ചു. സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് സ്വർണം പൂശിയെത്തിച്ച യുഡിഎഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണ്. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയും പല ചെമ്പുകളും തെളിഞ്ഞ് വരും. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈ ആസ്ഥാനമായുള്ള 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ. കെ ബി പ്രദീപിനെ ആണ് ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത്. നിയമനം മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും പ്രതികളുടെ ദൗർബല്യം അറിയാവുന്ന ആളെ നിയമിക്കുന്നത് നല്ലതല്ലേ എന്നുമാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam