അമ്മ അറിയാതെ ദത്ത്: ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി, എല്ലാം നിയമപരമെന്ന് ഷിജുഖാൻ

By Web TeamFirst Published Oct 24, 2021, 3:44 PM IST
Highlights

 വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികൾ മനപ്പൂർവ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതിൽ ഷിജു ഖാന്റെ മൊഴി നിർണായകമാകും. 

തിരുവനന്തപുരം: തിരുവനന്തപുരത്ത്  അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് (adoption)നൽകിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം ഊർജിതം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ (Shiju Khan) വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി. പൂജപ്പുരയിലുള്ള വനിതാ  ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തി.

വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികൾ മനപ്പൂർവ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതിൽ ഷിജുഖാനെതിരെയും ആരോപണം ഉയർന്നിരുന്നു. അനുപമയുടെ അച്ഛന്റെ ആവശ്യപ്രകാരം ഷിജുഖാൻ ഇടപെട്ടാണ് ദത്ത് നടപടി വേഗത്തിലാക്കിയതെന്നാണ് ആരോപണം. 

എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഷയത്തിലും വിശദീകരണം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാൽ ഇപ്പോൾ ഒന്നു പറയാനില്ലെന്നും ഷിജു ഖാൻ പ്രതികരിച്ചു. 

കുഞ്ഞിനെ അമ്മ അനുപമയിൽ നിന്നും മാറ്റിയ സംഭവത്തിൽ ആരോപണ വിധേയനായ  ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ നടപടിയെടുത്ത് മുഖംരക്ഷിക്കാനുളള ശ്രമം സിപിഎം നടത്തിയേക്കുമെന്നാണ് വിവരം. അനുപമയുടെ അച്ഛൻ സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും പാ‍ർട്ടിയിൽ തരംതാഴ്ത്താനുമാണ് സാധ്യത. 

അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ കേസ്, പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ

അതേ സമയം കേസിൽ അറസ്റ്റുണ്ടായേക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആറ് പ്രതികളും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. ഹർജി ഈ മാസം 28 ന് കോടതി പരിഗണിക്കും. കേസിൽ പൊലീസിന്റെ നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നൽകി. തന്റെ കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചത്. 

 

click me!