കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലേക്ക്, പെന്‍ഷന്‍ മുടങ്ങി, ശമ്പളപരിഷ്കരണ ചര്‍ച്ച വഴിമുട്ടി, സമരമെന്ന് സംഘടനകൾ

By Web TeamFirst Published Oct 24, 2021, 1:50 PM IST
Highlights

ഒക്ടോബര്‍ മാസം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴും കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല...

തിരുവനന്തപുരം: കടുത്ത  പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കെഎസ്ആ‍ർടിസി. പെൻഷൻ തുക മുടങ്ങുകയും ശമ്പള പരിഷ്കരണ ച‍ർച്ച പാതി വഴിയിൽ നിലയ്ക്കുകയും ചെയ്തു. ഇതോടെ ഭരണ പ്രതിപക്ഷ യൂണിയനുകൾ സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിിരിക്കുകയാണ്. അതേസമയം അധിക ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള ലേ ഓഫ് നി‍ദ്ദേശം പരി​ഗണനയിലുണ്ടെന്നാണ് സ‍ർക്കാ‍ർ വ്യക്തമാക്കുന്നത്. 

ഒക്ടോബര്‍ മാസം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴും കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല. പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സ‍ർക്കാരില്‍ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. ഇത് ലഭിക്കാതെ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. 

പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം. പത്ത് വര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ വഴി മുട്ടി. സെപ്റ്റംബര്‍ 20ന് ശേഷം ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. 

മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളും സൂചന പണിമുടക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 ,6 തീയതികളിലും എംപ്ളോയീസ് സംഘ് നവംബര്‍ 5നും പണിമുടക്കും. ഭരാണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വ്വീസുകള്‍ കുറഞ്ഞതോടെ വരുമാനവും കുത്തനെ ഇടിഞ്ഞു. 7500ഓളം ജീവനക്കാര്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതലാണെന്ന് കെഎസ്ആര്‍ടിസി വിലയിരുത്തിയിട്ടുണ്ട്. വരുമാനത്തില്‍ നിന്ന് ശമ്പള ചെലവ് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ലേ ഓഫ് വേണ്ടി വരുമെന്ന് എംഡി സര‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നയപരമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും ഈ നിര്‍ദ്ദേശം പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ നിയമസഭയെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

click me!